വാഷിംഗ്ടണ്‍: റഷ്യന്‍ അധിനിവേശത്തില്‍ കുടുങ്ങിയ സിവിലിയന്‍മാരുടെ ദുരവസ്ഥയില്‍ ആഗോള രോഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുക്രെയ്നിലെ യുദ്ധം പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന് ഒരിക്കലും വിജയമാകില്ലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍.വൈറ്റ് ഹൗസില്‍ ഇന്നലെ നടത്തിയ പ്രഭാഷണത്തില്‍ ബിഡന്‍, റഷ്യന്‍ പ്രസിഡന്‍റിനെതിരേ ആഞ്ഞടിച്ചു. സംഘര്‍ഷം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും ഇതിനകം 20 ലക്ഷം അഭയാര്‍ഥികളെ സൃഷ്ടിച്ചുകഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.റഷ്യ അതിന്‍റെ കടന്നാക്രമണം ഭീകരമായി തുടരട്ടെ, പക്ഷേ, ഇതിനകം വ്യക്തമായിട്ടുണ്ട്, യുക്രെയിന്‍ യുദ്ധം റഷ്യയ്ക്ക് ആത്യന്തിക വിജയമാവില്ല. പുടിന് ഒരു നഗരം പിടിച്ചെടുക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ, അദ്ദേഹത്തിന് ഒരിക്കലും രാജ്യം പിടിക്കാന്‍ കഴിയില്ല. ബൈഡന്‍ പറഞ്ഞു.രണ്ടാം ലോകമഹായുദ്ധത്തിനു ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹത്തിനാണ് യൂറോപ്പ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഷെല്ലാക്രമണവും വ്യോമാക്രമണവും മൂലം തകര്‍ന്ന പട്ടണങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ യുക്രെയിനിന്‍റെ അതിര്‍ത്തികളിലൂടെ ഒഴുകിയെത്തുന്ന അഭയാര്‍ഥികളുടെ എണ്ണം 20 ലക്ഷം കടന്നു.അഭയാര്‍ഥികള്‍ക്കു സഹായഹസ്തവുമായി യുഎസ് രംഗത്തിറങ്ങുമെന്നു ജോ ബൈഡന്‍ പറഞ്ഞു. അതിന്‍റെ ഭാരം മുഴുവനായി യുറോപ്യന്‍ രാജ്യങ്ങള്‍ പേറേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.പുട്ടിന്‍റെ യുദ്ധം സ്ത്രീകളും കുട്ടികളും അടങ്ങിയ സാധാരണക്കാരെ ലക്ഷ്യമിട്ടിരിക്കുക യാണെന്നും അതുകൊണ്ടു തന്നെ ഈ യുദ്ധം വിജയമാകില്ല. ഈ യുദ്ധത്തിന്‍റെ ചരിത്രം എഴുതുമ്പോള്‍ യുക്രെയിനെതിരായ യുദ്ധം റഷ്യയെ ദുര്‍ബലമാക്കുകയും ലോകത്തെ മറ്റു രാജ്യങ്ങളെ ശക്തരാക്കുകയും ചെയ്യും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ചു അമേരിക്ക റഷ്യയ്ക്കു മേല്‍ ഉപരോധം കൂടുതല്‍ കടുപ്പിച്ചിട്ടുണ്ട്.അതേസമയം, പാശ്ചാത്യ ഉപരോധം കടുപ്പിച്ചെങ്കിലും റഷ്യ ആക്രമണമുഖത്തുനിന്നു പിന്നോട്ടുമാറിയിട്ടില്ല. എന്നാല്‍, അന്താരാഷ്ട്ര സമ്മര്‍ദം വര്‍ധിച്ചതോടെ കുടുങ്ങിപ്പോയവര്‍ക്കു രക്ഷപ്പെടാന്‍ സുരക്ഷാ ഇടനാഴികള്‍ പ്രഖ്യാപിക്കാന്‍ പുട്ടിന്‍ സമ്മതിച്ചിരുന്നു. എന്നാല്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ട് ആ കരാര്‍ റഷ്യ തന്നെ ലംഘിക്കുകയാണെന്ന് യുക്രെയിന്‍ ആരോപിച്ചു. എന്നാല്‍, യുക്രെയിനാണ് ലംഘനം നടത്തിയതെന്നാണ് റഷ്യയുടെ ആരോപണം. ഒഴിപ്പിക്കാന്‍ സൃഷ്ടിച്ച സുരക്ഷാ ഇടനാഴികള്‍ പലതും റഷ്യയിലേക്കു നീളുന്നവയാണെന്ന ആരോപണവും യുക്രെയിന്‍ ഉയര്‍ത്തിയിരുന്നു.