പീഡന കേസ്: പ്രതിക്ക് 21 വര്‍ഷം തടവ്

Top News

തൊടുപുഴ: നാലു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അമ്മയുടെ സുഹൃത്തായ പ്രതിക്ക് 21 വര്‍ഷം തടവ്. 19 വര്‍ഷം കഠിന തടവും 2 വര്‍ഷം തടവിനുമാണ് ശിക്ഷിച്ചിരിക്കുന്നത്. ഇതു കൂടാതെ 3.8 ലക്ഷം രൂപ പിഴയും അടയ്ക്കണം. ശിക്ഷ 15 വര്‍ഷം കൊണ്ട് അനുഭവിച്ചാല്‍ മതി.
തിരുവനന്തപുരം കവടിയാര്‍ കടവട്ടൂര്‍ കാസ്റ്റില്‍ വീട്ടില്‍ അരുണ്‍ ആനന്ദിനെയാണ് കോടതി ശിക്ഷിച്ചത്. ദേഹോപദ്രവം ഏല്‍പ്പിക്കുക, ആവര്‍ത്തിച്ചുള്ള ലൈംഗിക അതിക്രമത്തിന് ഇരയാക്കുക, പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടിക്കെതിരെയുള്ള ലൈംഗികാതിക്രമം, രക്ഷകര്‍ത്വത്തില്‍ കഴിഞ്ഞിരുന്ന കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരമാണ് ശിക്ഷ. കുറ്റക്കാരനാണെന്നാണു മുട്ടം പോക്സോ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.നാല് വയസ്സുകാരന്‍റെ സഹോദരനായ ഏഴു വയസ്സുകാരന്‍ പ്രതിയുടെ മര്‍ദനമേറ്റു കൊല്ലപ്പെട്ടതോടെയാണു പീഡന വിവരം പുറത്തറിയുന്നത്.
ഉറക്കത്തില്‍ സോഫയില്‍ മൂത്രമൊഴിച്ചതിനാണു കുട്ടിയെ അരുണ്‍ മര്‍ദിച്ചത്. കുട്ടിയുടെ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദനം. പ്രതി നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്. കൊലപാതക കേസില്‍ വിചാരണ ആരംഭിച്ചിട്ടില്ല.കുട്ടിയുടെ പിതാവിന്‍റെ മരണശേഷം അമ്മ പ്രതിയോടൊപ്പം താമസിക്കുകയായിരുന്നു.
മൂത്ത സഹോദരന്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംഭവത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് നാലു വയസ്സുകാരന്‍ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. കൊല്ലപ്പെട്ട കുട്ടിയും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്നു പ്രതിക്കെതിരേ പോലിസ് പോക്സോ നിയമ പ്രകാരം കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *