കട്ടപ്പന: ഇരട്ടയാറില്‍ രണ്ടു വര്‍ഷം മുമ്പ് പീഡനത്തിനിരയായ പെണ്‍കുട്ടിയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കിടപ്പുമുറിയില്‍ കഴുത്തില്‍ ബെല്‍റ്റ് ചുറ്റി മരിച്ചനിലയിലാണ് 18കാരിയെ കണ്ടത്. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം.
ഇതുസംബന്ധിച്ച് പൊലീസ് പറയുന്നത്: പെണ്‍കുട്ടി പതിവായി വൈകിയാണ് ഉറക്കമുണരുന്നത്. ചൊവ്വാഴ്ച രാവിലെ ഉണരാന്‍ വൈകിയതിനെത്തുടര്‍ന്ന് അമ്മ വിളിക്കാന്‍ ചെന്നപ്പോഴാണ് കഴുത്തില്‍ ബെല്‍റ്റ് ചുറ്റി കിടക്കുന്നത് കണ്ടത്. വിളിച്ചിട്ടും ഉണരാതെ വന്നതോടെ ബഹളം വെച്ച് അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. അവരാണ് പൊലീസില്‍ അറിയിച്ചത്.
പെണ്‍കുട്ടിയെ കൂടാതെ പിതാവും മാതാവും സഹോദരനുമാണ് വീട്ടിലുണ്ടായിരുന്നത്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുകയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂയെന്ന് കട്ടപ്പന ഡിവൈ.എസ്.പി പി. ബേബി പറഞ്ഞു.