ന്യൂഡല്‍ഹി : പി.സി.ജോര്‍ജ് നേതൃത്വം നല്‍കുന്ന കേരള ജനപക്ഷം (സെക്കുലര്‍) ബി.ജെ.പിയില്‍ ലയിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ പി.സി.ജോര്‍ജ്, മകന്‍ ഷോണ്‍ ജോര്‍ജ്, ജോര്‍ജ് ജോസഫ് കാക്കനാട് എന്നിവര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, കേരളത്തിന്‍റെ ചുമതലയുള്ള പാര്‍ട്ടി നേതാവ് പ്രകാശ് ജാവദേക്കര്‍, അനില്‍ ആന്‍റണി എന്നിവര്‍ സന്നിഹിതരായ ചടങ്ങിലായിരുന്നു അംഗത്വം സ്വീകരണം.പി.സി. ജോര്‍ജിന്‍റെ വരവോടെ ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ഇത് വെറും തുടക്കം മാത്രമാണെന്ന് പ്രകാശ് ജാവദേക്കറും പ്രതികരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അഞ്ച് എംപിമാര്‍ ബി.ജെ.പിക്ക് സംസ്ഥാനത്ത് നിന്നും ഉണ്ടാകും. എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചര്‍ച്ച ചെയ്ത ശേഷമാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.