കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ലൈസന്‍സിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അപേക്ഷയിലെ പിഴവ് കാരണം ലൈസന്‍സ് നല്‍കിയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കി.
ആവശ്യമായ അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ലൈസന്‍സ് ഇല്ലാതെ എങ്ങനെ പാര്‍ക്ക് പ്രവര്‍ത്തിക്കുമെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് വിഷയത്തില്‍ നാളെ മറുപടി നല്‍കണമെന്നും സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ക്ക് അടച്ച് പൂട്ടണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം. ഹര്‍ജി വീണ്ടും ഇന്ന് പരിഗണിക്കും.
ഗുരുതര ചട്ടലംഘനമാണ് ജനപ്രതിനിധിയെന്ന നിലയില്‍ നടത്തിയതെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജി നേരത്തെ പരിഗണിച്ചപ്പോള്‍ പി വി അന്‍വറിന്‍റെ കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സ് ഉണ്ടോയെന്ന് മൂന്ന് ദിവസത്തിനുള്ളില്‍ അറിയിക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്. കുട്ടികളുടെ പാര്‍ക്ക് തുറക്കാന്‍ പഞ്ചായത്ത് ലൈസന്‍സ് ഇല്ലെന്ന വിവരാവകാശ രേഖ ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കളക്ടര്‍ അടച്ച് പൂട്ടിയ പാര്‍ക്ക് സര്‍ക്കാര്‍ തുറന്നു കൊടുത്തെന്നും ഹര്‍ജിയില്‍ പറയുന്നു.