കൊച്ചി: കോവിഡ് കാലത്ത് പി.പി.ഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ ലോകായുക്ത നോട്ടീസ് അയച്ചതിനെതിരായ ഹരജിയില്‍ ഇടപെടാതെ ഹൈകോടതി.ഇതില്‍ ഇടപെടില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും വ്യക്തമാക്കുകയായിരുന്നു.അഴിമതിയും ക്രമക്കേടുകളും ആരോപിച്ചുള്ള പരാതി പരിഗണിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടെന്നും അഭിപ്രായപ്പെട്ട ഡിവിഷന്‍ ബെഞ്ച്, ഹരജികള്‍ ഉത്തരവിനായി മാറ്റി. ലോകായുക്ത നോട്ടീസിനെതിരെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ അടക്കമുള്ളവരാണ് ഹൈകോടതിയെ സമീപിച്ചത്. പി.പി.ഇ കിറ്റുകള്‍ വാങ്ങിയത് ഉയര്‍ന്ന നിരക്കിലാണെന്ന് ആരോപിച്ചാണ് ലോകായുക്തക്ക് പരാതി ലഭിച്ചത്.ഇതിലാണ് ഹരജിക്കാര്‍ക്കും മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉള്‍പ്പെടെയുള്ളവര്‍ക്കും എതിരെ ലോകായുക്ത നോട്ടീസ് അയച്ചത്. കെ.കെ. ശൈലജ, രാജന്‍ ഖൊബ്രഗഡെ എന്നിവരടക്കം 11 പേര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വീണ എസ്. നായരാണ് ലോകായുക്തയെ സമീപിച്ചത്.