പിന്നോട്ടില്ലെന്ന് കര്‍ഷകര്‍;
പൊലീസും കേന്ദ്രസേനയും പിന്മാറി

India Kerala

ന്യൂഡല്‍ഹി: ഗാസിപ്പൂരിലെ സമരവേദി ഒഴിപ്പിക്കാനുള്ള നടപടികളില്‍ നിന്ന് ജില്ലാ ഭരണകൂടം പിന്മാറി. കൂടുതല്‍ കര്‍ഷകര്‍ സംഘടിച്ച് എത്തിയതോടെ തല്‍ക്കാലം നടപടി നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇതോടെ പൊലീസും കേന്ദ്രസേനയും സമരവേദിയില്‍ നിന്ന് പിന്മാറി.
കര്‍ഷകരെ ഒഴിപ്പിക്കുന്നതിനായി വന്‍ പൊലീസ് സന്നാഹം ഗാസിപ്പുരിലെ സമരവേദിക്കു സമീപത്തുണ്ടായിരുന്നു. ജില്ലാ മജിസ്ട്രേട്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു. അധികൃതരെ മടക്കി അയച്ച ശേഷം ദേശീയ പതാകയുമേന്തിയായിരുന്നു കര്‍ഷകരുടെ ആഹ്ലാദ പ്രകടനം.
വ്യാഴാഴ്ച രാത്രി 11 മണിയോടെ ഡല്‍ഹിഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപ്പുരിലെ സമരഭൂമിയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നായിരുന്നു കര്‍ഷകര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ സമരഭൂമിയില്‍നിന്ന് മടങ്ങില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
പോരാട്ടത്തില്‍ നിന്ന് ഒരിക്കലും പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. തങ്ങളുടെ പ്രിയപ്പെട്ടവരെ പലരെയും സമരഭൂമിയില്‍ വച്ച് തന്നെയാണ് നഷ്ടമായതെന്നും അത് അവരോട് ചെയ്യുന്ന തെറ്റാകുമെന്നും കര്‍ഷകര്‍ പറയുന്നു. നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറുന്നത് ഇരട്ടി നഷ്ടമാണണെന്നും അവര്‍ കരുതുന്നു.വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിക്കുള്ളില്‍ ഒഴിഞ്ഞില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു പൊലീസിന്‍റെ മുന്നറിയിപ്പ്.
എന്നാല്‍ പൊലീസ് നടപടിയുണ്ടായാല്‍ അതിനെ നേരിടുമെന്നും വെടിവച്ചാലും സമരവേദിയില്‍ നിന്ന് മാറില്ലെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. യുപി പൊലീസിന് പുറമേ കേന്ദ്രസേനയേയും സമരഭൂമിക്ക് ചുറ്റും വിന്യസിച്ചിരുന്നു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഗാസിപ്പുരിലേക്കുള്ള ഗതാഗതം തടഞ്ഞിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *