പിടിച്ചെടുത്ത സീറ്റുകളില്‍നേട്ടവുമായി യുഡിഎഫ്

Kerala

. വിജയിച്ച സീറ്റുകളുടെ എണ്ണത്തില്‍ മുന്നില്‍ എല്‍ഡിഎഫ് തന്നെ
. ഇടതിന് നഷ്ടമായത് ആറ് സീറ്റുകള്‍ അഞ്ചെണ്ണം യുഡിഎഫും ഒന്ന് ബിജെപിയും പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. എല്‍ഡിഎഫിന് ആറ് സീറ്റുകള്‍ നഷ്ടമായി. അഞ്ച് സീറ്റുകള്‍ യുഡിഎഫും ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു. അതേസമയം എല്‍ഡിഎഫ് 14സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഒരെണ്ണം മാത്രമാണ് പിടിച്ചെടുത്തത്. യുഡിഎഫ് 11 സീറ്റുകളിലും ബിജെപി രണ്ടിടത്തും വിജയിച്ചു.
തിരുവനന്തപുരം കടയ്ക്കാവൂര്‍ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാര്‍ഡാണ് എല്‍ഡിഎഫ് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തത്.കോട്ടയം എരുമേലി പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. ഒരു സീറ്റ് പുതുതായി വിജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കികാസര്‍ഗോഡ്, ഇടുക്കി ജില്ലകള്‍ ഒഴികെ 12 ജില്ലകളില്‍ നിന്നായി 97 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.
കണ്ണൂര്‍ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും എല്‍ഡിഎഫ് വാര്‍ഡ് നിലനിര്‍ത്തി. ശ്രീകണ്ഠാപുരം നഗരസഭയില്‍ കോട്ടൂര്‍ വാര്‍ഡ്, മയ്യില്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ്, പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
വയനാട്ബത്തേരി നഗരസഭ പാളാക്കര ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ എസ് പ്രമോദ് 204 വോട്ടുകള്‍ക്ക് വിജയിച്ചു. സിപിഐഎം കൗണ്‍സിലറായിരുന്ന കെ എസ് പ്രമോദ് രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രാജിവെച്ച പ്രമോദ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. പികെ ദാവുദായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഫലം ഭരണത്തെ ബാധിക്കില്ല.
കോഴിക്കോട് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം. പതിനഞ്ചാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതോടെ പഞ്ചായത്ത് ഭരണം നിലനിര്‍ത്തി. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പി മുംതാസ് 168 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റാണിത്.യുഡിഎഫ് സ്ഥാനാര്‍ത്ഥി മുംതാസിന് 755 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെസി ആസ്യയ്ക്ക് 587 വോട്ടുകളുമാണ് ലഭിച്ചത്.
മലപ്പുറംജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടത്തും യുഡിഎഫ് വിജയിച്ചു. രണ്ട് വീതം സീറ്റിലാണ് കോണ്‍ഗ്രസും മുസ്ലീം ലീഗും വിജയിച്ചത്. മൂന്ന് സീറ്റ് യുഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ തിരുന്നാവായയില്‍ എല്‍ഡിഎഫില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ എവിടേയുംഭരണ മാറ്റമില്ല.
പാലക്കാട്ജില്ലയില്‍ അഞ്ചിടത്താണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തൃത്താല പഞ്ചായത്തില്‍ വരണ്ടുകുറ്റിക്കടവ് നാലാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി പി വി മുഹമ്മദാലിയാണ് വിജയിച്ചത്.
വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ കാന്തലൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. ആനക്കര പഞ്ചായത്തിലെ ഏഴാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കടമ്പഴിപ്പുറം പഞ്ചായത്തിലെ 17 ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കുളക്കുഴി ബാബു സീറ്റ് നിലനിലനിര്‍ത്തി.ആലത്തൂര്‍ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി എം അലി വിജയിച്ചു.
ആലപ്പുഴജില്ലയില്‍ തണ്ണീര്‍മുക്കത്ത് ബിജെപിയുടെ ബിപി ബിനു 83 വോട്ടിന് വിജയിച്ചു. ബിജെപി സിറ്റിംഗ് സീറ്റാണിത്. എടത്വയിലെ തായങ്കരി വെസ്റ്റില്‍ സിപിഎമ്മിന്‍റെ വിനിത ജോസഫ് വിജയിച്ചു.കോട്ടയംകോട്ടയം പാലാ കടപ്ലാമറ്റം പന്ത്രണ്ടാം വാര്‍ഡ് എല്‍ഡി എഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.എരുമേലിയിലെ ഒഴക്കനാട് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനിതാ സന്തോഷ് വിജയിച്ചു. എല്‍ഡിഎഫിലെ പുഷ്പാ ബാബുവിനെതിരെ 232 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. ഇതോടെ എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടു.കൊല്ലംജില്ലയില്‍ കൊല്ലം കോര്‍പ്പറേഷന്‍ മൂന്നാം ഡിവിഷനില്‍ ആര്‍എസ്പിക്ക് വിജയം. ആര്‍എസ്പിയുടെ ദീപു ഗംഗാധരന്‍ വിജയിച്ചു. എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റാണ് ആര്‍എസ്പി പിടിച്ചെടുത്തത്.
പത്തനംതിട്ട കല്ലൂപ്പാറ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ എന്‍ഡിഎക്ക് അട്ടിമറി വിജയം. എല്‍ഡിഎഫില്‍ നിന്ന് എന്‍ഡിഎ സീറ്റ് പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍ 93 വോട്ടുകള്‍ക്ക് വാര്‍ഡില്‍ വിജയിച്ചു. ഭരണകക്ഷിയായ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തും യുഡിഎഫ് മൂന്നാം സ്ഥാനത്തുമെത്തി.

Leave a Reply

Your email address will not be published. Required fields are marked *