പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവം;അമ്മ കസ്റ്റഡിയില്‍

Top News

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍.
രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെ ആണ് ഫറോക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭര്‍ത്താവ് ഉപേക്ഷിച്ചത് കാരണം ബാധ്യത ആവുമെന്ന് കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഫാത്തിമ പൊലീസിനോട് പറഞ്ഞു.ഫാത്തിമയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. അച്ഛനും അമ്മയ്ക്കുമെതിരെ ജുവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലിസ് കേസെടുത്തിരുന്നു.ഒരു മാസത്തില്‍ താഴെ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ ഇന്ന് കണ്ടെത്തിയത്.
പുലര്‍ച്ചെ അഞ്ചുമണിക്ക് പണിക്കിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപം വഴിയരികില്‍ പിഞ്ചുകുഞ്ഞിനെ ആദ്യം കണ്ടത്.തുടര്‍ന്ന് സമീപവാസികളെയും പൊലീസിനെയും വിവരമറിയിച്ചു.
സ്ഥലത്തെത്തിയ ഫറോക്ക് പൊലീസ് കുഞ്ഞിനെ ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും പരിചരണത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ആദ്യം കണ്ട ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *