പിഎസ്എല്‍വി സി 52 വിക്ഷേപണം വിജയകരം

Kerala

ബംഗളൂരു : ഐഎസ്ആര്‍ഒയുടെ 2022ലെ ആദ്യ വിക്ഷേപണം വിജയിച്ചു. പിഎസ്എല്‍വി സി 52 വഹിച്ചിരുന്ന മൂന്ന് ഉപഗ്രഹങ്ങളെയും വിജയകരമായി നിര്‍ദ്ദിഷ്ട ഭ്രമണപഥത്തില്‍ സ്ഥാപിച്ചു.
ഐഎസ്ആര്‍ഒ ചെയര്‍മാനായി എസ്. സോമനാഥ് ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിക്ഷേപണമാണ് ഇന്ന് നടന്നത്. അടുത്ത ദൗത്യവുമായി ഉടന്‍ കാണാമെന്ന് വിജയത്തിന് ശേഷം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
റഡാര്‍ ഇമേജിംഗ് ഉപഗ്രഹമായ ഇഒഎസ് 04 ആണ് ഈ ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. ഇന്‍സ്പയര്‍ സാറ്റ് 1, ഐഎന്‍എസ് 2 ടിഡി എന്നീ ചെറു ഉപഗ്രഹങ്ങളും ദൗത്യത്തിന്‍റെ ഭാഗമായി.
ഐഎസ്ആര്‍ഒയുടെ പണ്ട് മുതലുള്ള രീതി അനുസരിച്ച് റിസാറ്റ് 1എ ആയിരുന്ന ഉപഗ്രഹം പേര് മാറ്റി ഇഒഎസ് 04 ആക്കി വിക്ഷേപിക്കുകയായിരുന്നു. റഡാര്‍ ഇമേജിംഗ് ഉപഗ്രഹം ആയതുകൊണ്ട് തന്നെ ഇഒഎസ് 04ന് ഏത് കാലാവസ്ഥയിലും ഭൂപ്രദേശങ്ങളുടെ മിഴിവേറിയ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും.
കാര്‍ഷിക ഗവേഷണത്തിനും, വനപ്രദേശങ്ങളെയും തോട്ട മേഖലകളെയും നിരീക്ഷിക്കുന്നതിനും, പ്രളയ സാധ്യതാ പഠനത്തിനും, മണ്ണിനെ കുറിച്ചുള്ള ഗവേഷണത്തിനും എല്ലാം ഇഒഎസ് 04 നല്‍കുന്ന വിവരങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്ന് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നു. ഇഒഎസ് 04ന് പത്ത് വര്‍ഷത്തെ ദൗത്യ കാലാവധിയാണ് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *