പിഎഫ് ഐ ഹര്‍ത്താല്‍ : റവന്യൂ റിക്കവറി നടപടി ഇന്ന് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി രാജന്‍

Top News

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട റവന്യൂ റിക്കവറി ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടിയെന്ന് മന്ത്രി കെ രാജന്‍.ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള നടപടി ഇന്ന് പൂര്‍ത്തിയാക്കും. ഏത് കേസിലായാലും കോടതി നിര്‍ദേശപ്രകാരമാണ് റവന്യൂ റിക്കവറി. ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന്‍റെ മിന്നല്‍ ഹര്‍ത്താലില്‍ വസ്തുവകകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് നഷ്ടം ഈടാക്കാന്‍ നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യുന്ന നടപടി ഏറെക്കുറെ പൂര്‍ത്തിയായതായാണ് വിവരം. റവന്യൂറിക്കവറി നിയമത്തിന്‍റെ 36-ാം വകുപ്പുപ്രകാരം നോട്ടീസ് നല്‍കി സ്വത്തുക്കള്‍ സര്‍ക്കാര്‍ അധീനതയിലേക്ക് ആക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ജപ്തിനോട്ടീസ് നല്‍കിയിട്ടുള്ളവര്‍ക്ക് വീടൊഴിയാന്‍ സമയം നല്‍കിയിട്ടുണ്ട്. വീടിന്‍റെയും ഭൂമിയുടെയും വില നിര്‍ണയിച്ച ശേഷമാകും ലേലനടപടികളിലേക്ക് നീങ്ങുക.
പോപ്പുലര്‍ ഫ്രണ്ട് മുന്‍ അഖിലേന്ത്യാ ചെയര്‍മാന്‍ ഒഎംഎ സലാമിന്‍റെ മലപ്പുറം മഞ്ചേരി നറുകരയിലെ 14 സെന്‍റും വീടും മുന്‍ സംസ്ഥാന പ്രസിഡന്‍റ് നാസറുദ്ദീന്‍ എളമരം നേതൃത്വം നല്‍കുന്ന നാഷനല്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന്‍റെ മലപ്പുറം വാഴക്കാട്ടെ ഭൂമിയും കണ്ടുകെട്ടി. പിഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി സി എ റൗഫിന്‍റെ പാലക്കാട് പട്ടാമ്ബി മരുതൂരിലെ 10 സെന്‍റ് ഭൂമിയും ജപ്തി ചെയ്തു. മറ്റൊരു മുന്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സത്താറിന്‍റെ കൊല്ലം കുലശേഖരപുരത്തുള്ള 18 സെന്‍റ് സ്ഥലവും വീടും കണ്ടുകെട്ടും.

Leave a Reply

Your email address will not be published. Required fields are marked *