തിരുവനന്തപുരം: പൊലീസ് സേനയുടെ കഴിവും ശേഷിയും ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി നിര്‍മിത ബുദ്ധിയടക്കം സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ പൊലീസ് ജില്ലകള്‍ക്കുള്ള ഡ്രോണ്‍ വിതരണം, സോഫ്റ്റ്വെയര്‍ ലോഞ്ചിങ് എന്നിവ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കാലം മാറുന്നതിനനുസരിച്ച് ആധുനീകരണം എല്ലാ മേഖലകളിലും നടപ്പാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഡ്രോണുകള്‍ ഉപയോഗിക്കുന്നത് പൊലീസ് സേനയുടെ മികച്ച ചുവടുവെപ്പാണ്. ഡ്രോണുകളുടെ ശാസ്ത്രീയ പരിശോധനകള്‍ക്കും സാങ്കേതിക വിവരങ്ങളുടെ പരിശോധനകള്‍ക്കുമായാണ് പൊലീസ് ഡ്രോണ്‍ ഫോറന്‍സിക് ലാബ് ആന്‍ഡ് റിസര്‍ച് സെന്‍റര്‍ സ്ഥാപിച്ചത്. ആന്‍റിഡ്രോണ്‍ സിസ്റ്റം ഫലപ്രദമായി ഉപയോഗിക്കാനും ഡ്രോണ്‍ ഫോറന്‍സിക് ലാബിന് കഴിയും.
ഡ്രോണ്‍ പറത്താന്‍ 25 പേര്‍ക്ക് പൈലറ്റ് പരിശീലനവും 20 പേര്‍ക്ക് അടിസ്ഥാന പരിശീലനവും നല്‍കി. ഡ്രോണുകളുടെ ബ്രാന്‍ഡിങ് തിരിച്ചറിയല്‍, ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുക്കല്‍, നിര്‍മാണ സവിശേഷതകള്‍ വീണ്ടെടുത്ത് വിശകലനം ചെയ്യല്‍ എന്നിവക്കായാണ് ഡ്രോണ്‍ എക്സ് എന്ന ഡ്രോണ്‍ ഫോറന്‍സിക് സോഫ്റ്റ് വെയര്‍ തയാറാക്കിയത്. നൂതന സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊണ്ട് മികച്ച ശേഷിയിലേക്കുയരാന്‍ ഓരോ സേനാംഗവും തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഡ്രോണ്‍ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രി വിതരണം ചെയ്തു.
