റിയാദ്: പാലസ്തീനെ രാജ്യമായി അംഗീകരിക്കാന്‍ ലോകം തയാറാകണമെന്ന് പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്. റിയാദിലെ വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഇക്കാര്യം പാലസ്തീന്‍ പ്രസിഡന്‍റ് ചൂണ്ടിക്കാട്ടിയതായി പാലസ്തീന്‍ ന്യൂസ് ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു.
പാലസ്തീനെ രാജ്യമായി അംഗീകരിച്ചാലേ ഇസ്രായേലുമായി നേരിട്ട് ചര്‍ച്ചകള്‍ സാധ്യമാകൂ. ജറുസലേമും വെസ്റ്റ് ബാങ്കും ഗസ്സയും ചേരുന്നതാകണം പാലസ്തീന്‍. ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന അധിനിവേശം ഉടന്‍ തന്നെ നിര്‍ത്തിവെക്കണം. ഗസ്സയിലെ ജനങ്ങള്‍ക്ക് ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങള്‍ എത്തിക്കണം.
മാതൃരാജ്യത്ത് നിന്ന് ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ജനങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കത്തെ പാലസ്തീനികള്‍ അംഗീകരിക്കില്ല. 1948ലെയും 1967ലെയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.2.2 ദശലക്ഷം ഫലസ്തീനികള്‍ വസിക്കുന്ന റഫാ ആക്രമിക്കാനുള്ള ഇസ്രായേല്‍ നീക്കത്തെയും മെഹ്മൂദ് അബ്ബാസ് വിമര്‍ശിച്ചു. ഇസ്രായേലിന്‍റെ നീക്കം പാലസ്തീന്‍ ജനതയെ ഒരു പുതിയ ദുരന്തത്തിലാണ് എത്തിക്കുക.
ഗസ്സയിലെ സ്ഥിതി ദൗര്‍ഭാഗ്യകരമാണ്. 200 ദിവസങ്ങള്‍ കടന്നുപോയി, ഹമാസിനെതിരായ പ്രതികാരത്തിന്‍റെ മറവില്‍ പാലസ്തീന്‍ ജനതയെ ആക്രമിക്കാനുള്ള അവസരം ഇസ്രായേല്‍ മുതലെടുത്തു. എന്നാല്‍, യഥാര്‍ഥത്തില്‍ അത് മുഴുവന്‍ പാലസ്തീനികളോടുമുള്ള പ്രതികാരമായിരുന്നുവെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു.