പാലക്കാട്: പാലക്കാട് നഗരം ഇനി പൂര്‍ണ്ണമായും ക്യാമറാനിരീക്ഷണത്തിലാകും. രാജ്യത്ത് തന്നെ ആദ്യമായാകും ഒരു നഗരസഭ മുന്‍കൈയെടുത്ത് നഗരത്തെ ക്യാമറ നിരീക്ഷണത്തിലാകുന്നത്. ഈ മാസം മുതല്‍ തന്നെ ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടമെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. പരീക്ഷണ നിരീക്ഷണം തുടങ്ങി. നഗരപരിധിയില്‍ പ്രധാനപ്പെട്ട ജംഗ്ഷനുകള്‍, റോഡ്, ഓഫിസ്, കോളനികള്‍ ഉള്‍പ്പെടെ 55 പോയിന്‍റുകളായി 170 ക്യാമറകളാണു സ്ഥാപിച്ചിട്ടുള്ളത്.
ഇതില്‍ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങള്‍ ജില്ലാ പൊലീസ് ഓഫിസിലെ കണ്‍ട്രോള്‍ റൂമില്‍ തല്‍ക്ഷണം കാണാനാകും. നഗരസഭാ അതിര്‍ത്തിക്കപ്പുറം ചന്ദ്രനഗര്‍ ദേശീയപാത വരെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിക്കുന്നതിന്‍റെ പ്രവൃത്തികള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണെന്നും ഈ മാസം തന്നെ പദ്ധതി നഗരത്തിനു സമര്‍പ്പിക്കുമെന്നാണ് വിവരം.നഗരസുരക്ഷയും കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിന് ഏറെ സഹായകരമാകുന്ന പദ്ധതികൂടിയാണിത്. ശേഖരിക്കുന്ന ദൃശ്യങ്ങള്‍ രണ്ട് മാസം വരെ സൂക്ഷിക്കാനുള്ള സംവിധാനവും ഉണ്ട്. രാത്രി നിരീക്ഷണവും സാധ്യമാണ്. പൊലീസ് സുരക്ഷയ്ക്കു പുറമെ നഗരത്തിലെ മാലിന്യം തള്ളല്‍ ഉള്‍പ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങള്‍ക്കും ഇതോടെ ഒരു പരിധി വരെ പരിഹാരമാകും.
മാലിന്യം തള്ളുന്നവരെ കണ്ടെത്താനുമാകും.പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ പൂര്‍ണമായും ക്യാമറ നിരീക്ഷണമുള്ള നഗരമായി പാലക്കാട് മാറും.അത്യാവശ്യ ഘട്ടങ്ങളില്‍ സ്വകാര്യ സിസിടിവി ദൃശ്യങ്ങളെയാണ് പൊലീസ് ഇപ്പോള്‍ ആശ്രയിക്കുന്നത്.