ന്യൂഡല്‍ഹി: പാര്‍ലമെന്‍റിലെ ചര്‍ച്ചകള്‍ ക്രിയാത്മകമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഏത് വിഷയത്തിലും പാര്‍ലമെന്‍റില്‍ ചര്‍ച്ചയാകാം. സര്‍ക്കാരിന് മറുപടി നല്‍കാന്‍ അവസരം നല്‍കണം. അര്‍ഥവത്തായ ചര്‍ച്ചയാണ് സഭയില്‍ നടക്കേണ്ടത്. കോവിഡ് പോരാട്ടം ശക്തമാക്കാന്‍ പ്രതിപക്ഷം നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ശക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാര്‍ലമെന്‍റില്‍ തുറന്ന സംവാദത്തിന് തയ്യാറാണ്. ഏറ്റവും കാഠിന്യമേറിയതും മൂര്‍ച്ചയേറിയതുമായ ചോദ്യങ്ങള്‍ സഭയില്‍ എല്ലാ കക്ഷികളിലെയും എല്ലാ എംപിമാരും ഉന്നയിക്കണമെന്നാണ് ആഗ്രഹം. ചോദ്യം ചോദിക്കുന്നതിനൊപ്പം തന്നെ മറുപടി പറയാന്‍ സര്‍ക്കാരിനെ അനുവദിക്കുകയും വേണം. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും മോദി പറഞ്ഞു. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു മോദി.
അച്ചടക്കമുള്ള അന്തരീക്ഷമാണ് വേണ്ടത്. അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തണം. വികസന ഗമനം മെച്ചപ്പെടുത്തണം. വാക്സിന്‍ കോവിഡിനെതിരായ പോരാട്ടത്തിനുള്ള ആയുധമാണ്. വാക്സിന്‍ സ്വീകരിച്ചവര്‍ ‘ബാഹുബലി’യാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ 40 കോടിയിലേറെ പേര്‍ സജ്ജരായിക്കഴിഞ്ഞു. അത് മുന്നോട്ടുപോകുന്നു. മഹാമാരി ലോകമെമ്പാടും കുറഞ്ഞുവരികയാണ്. മഹാമാരിയില്‍ പാര്‍ലമെന്‍റില്‍ ഫലപ്രദമായ ചര്‍ച്ചയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് മോദി പറഞ്ഞു.
