കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ വ്യവസായ-വാണിജ്യമന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി.വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന പാര്‍ത്ഥയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് നീക്കി. പാര്‍ട്ടി അച്ചടക്ക സമിതി ചേര്‍ന്നാണ് തീരുമാനം എടുത്തത്. പാര്‍ത്ഥയുടെ വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി മമത ബാനര്‍ജി ഏറ്റെടുത്തു.അധ്യാപക നിയമന അഴിമതി കേസില്‍ മന്ത്രിയുടെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് 50 കോടി രൂപ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇഡി പാര്‍ത്ഥയെ അറസ്റ്റ് ചെയ്തിരുന്നു.
2016ലെ മമത മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ ബംഗാള്‍ സ്കൂള്‍ സര്‍വീസസ് കമ്മീഷന്‍ വഴി സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപക,അനധ്യാപക തസ്തികകളില്‍ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതില്‍ കോഴ വാങ്ങിയെന്നാണ് പാര്‍ത്ഥ ചാറ്റര്‍ജിക്കെ തിരെയുള്ള കേസ്.
മന്ത്രി ഉള്‍പ്പെട്ടഅഴിമതി കേസില്‍ ഇതുവരെ ഇഡി കണ്ടെത്തിയത് 50 കോടി രൂപയാണ്. പിടിച്ചെടുത്ത പണവും സ്വര്‍ണ്ണവും 20 പെട്ടികളിലായിട്ടാണ് മാറ്റിയത്. അഞ്ച് ദിവസം പിടിച്ചു നിന്ന ശേഷമാണ് ഒടുവില്‍ മുഖം രക്ഷിക്കാന്‍ തൃണമൂല്‍ നടപടി എടുത്തത്. കേസില്‍ പാര്‍ത്ഥയെയും സുഹൃത്തും നടിയുമായ അര്‍പിതയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. അര്‍പിതയുടെ ഫ്ളാറ്റില്‍ നിന്ന് നേരത്തെ 25 കോടി കണ്ടെത്തിയിരുന്നു. ഒരു ഫ്ളാറ്റില്‍ കൂടി പണം കണ്ടെത്തിയതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന് നടപടി എടുക്കേണ്ടി വന്നത്.
മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുമായി പണമിടപാട് നടന്നുവെന്ന് അര്‍പിത സമ്മതിച്ചതായും ഇഡി വ്യക്തമാക്കി. മന്ത്രിയേയും ഇഡി ചോദ്യം ചെയ്യുകയാണ്. മമത ബാനര്‍ജിക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു.ഇതിനിടെ പാര്‍ത്ഥ ചാറ്റര്‍ജിയുടെ സ്വകാര്യ വസതിയില്‍ മോഷണം നടന്നതും ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 24 പര്‍ഗാനസ് ജില്ലയിലെ വസതിയില്‍ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയായി ഈ കേസ് മാറുകയാണ്.