കൊച്ചി: തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്.ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ സംഘടിത ശ്രമമാണ് നടക്കുന്നതെന്നും ഒരുപാട് നാളായി തുടരുന്നതാണ് ഇതെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി വിലക്ക് ലംഘിച്ച് കെ.വി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി കെപിസിസി നേതൃത്വം രംഗത്ത് എത്തിയിരുന്നു. കെ സുധാകരനും വി.ഡി സതീശനും അടക്കമുള്ള പ്രധാന നേതാക്കള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഇപ്പോള്‍ സുധാകരനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ് കെ.വി തോമസ്.തന്നെ പുറത്താക്കാന്‍ കെ.സുധാകരന് അജണ്ടയുണ്ടെന്നും കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുകയാണ് കെപിസിസി പ്രസിഡന്‍റ് ചെയ്യുന്നതെന്നും കെ.വി തോമസ് ആരോപിച്ചു.
തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെയും ശവമഞ്ചവുമായി പ്രതിഷേധിച്ചവര്‍ക്കെതിരെയും നടപടിയുണ്ടായില്ല. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക് തന്നെ ക്ഷണിച്ചില്ല. ഇത് ശരിയായ കാര്യമല്ലെന്നും കെ.വി തോമസ് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് തനിക്ക് നല്‍കിയ കാരണം കാണിക്കാന്‍ നോട്ടീസിന് മറുപടി നല്‍കിയെന്നും കെ.വി തോമസ് പറഞ്ഞു.
ആദ്യം മെയിലില്‍ മറുപടി നല്‍കി. ഇന്ന് അത് തപാല്‍ ആയും അയച്ചിട്ടുണ്ട്. നേരിട്ട് കണ്ട് വിശദീകരണം നല്‍കാന്‍ അവസരം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.