മുംബൈ: കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും വിഷയത്തില്‍ നിലപാട് എടുക്കേണ്ട സമയമായെന്നും നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) അധ്യക്ഷന്‍ ശരത് പവാര്‍.ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെ മറ്റൊരു ദിശയിലേക്ക് മാറ്റാന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിയതായും അദ്ദേഹം ആരോപിച്ചു.മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീല്‍ ശംബുരാജ് ദേശായി എന്നിവര്‍ പ്രശ്ന പരിഹാരത്തിനായി കര്‍ണാടകയിലെ ബെളഗാവിലെത്തി ‘മഹാരാഷ്ട്ര ഏകീകരണ്‍ സമിതി’ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു.മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയോട് മന്ത്രിമാരെ ബെളഗാവിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെടുമെന്ന് ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച പറഞ്ഞിരുന്നു. സന്ദര്‍ശനം ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം രൂക്ഷമായതോടെ ബെളഗാവില്‍ മഹാരാഷ്ട്രയുടെ നമ്പര്‍ പ്ലേറ്റുള്ള ട്രക്കുകള്‍ പ്രതിഷേധക്കാര്‍ ചൊവ്വാഴ്ച തടഞ്ഞിരുന്നു. ചില ട്രക്കുകള്‍ക്ക് നേരെ കല്ലേറുമുണ്ടായി.ബെളഗാവിയാണ് തര്‍ക്കത്തിന്‍റെ കേന്ദ്രസ്ഥാനം. 1960 ല്‍ ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ മറാത്തികള്‍ കൂടുതലുള്ള ബെളഗാവി കന്നഡ ഭഷാ സംസാരിക്കുന്ന കര്‍ണാടകക്ക് തെറ്റായി നല്‍കിയതാണെന്നാണ് മഹാരാഷ്ട്രയുടെ വാദം. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണ്.