പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ഇന്ന് മുതല്‍

Top News

എല്ലാ എം.പിമാരുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് മന്ത്രി പ്രഹ്ലാദ് ജോഷി

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലെയും എല്ലാ എം.പിമാരുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി.ഇരുസഭകളിലെയും പ്രിസൈഡിങ് ഓഫിസര്‍മാരോട് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്‍റിന്‍റെ ബജറ്റ് സെഷന് മുന്നോടിയായി നടന്ന സര്‍വകക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.’എല്ലാ എം.പിമാരുടെയും സസ്പെന്‍ഷന്‍ പിന്‍വലിക്കും. ലോക്സഭ സ്പീക്കറുമായും രാജ്യസഭ അധ്യക്ഷനുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട് പ്രിവിലേജ് കമ്മിറ്റികളുമായി സംസാരിച്ച് തീരുമാനമെടുക്കാനും സസ്പെന്‍ഷന്‍ പിന്‍വലിച്ച് എല്ലാ എം.പിമാര്‍ക്കും പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കാനും കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇരുവരും ഇത് അംഗീകരിച്ചിട്ടുണ്ട്’ -മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിനിടെയാണ് ഇരുസഭകളിലുമായി പ്രതിപക്ഷത്തെ 146 എം.പിമാരെ സസ്പെന്‍ഡ് ചെയ്ത അസാധാരണ നടപടിയുണ്ടായത്. പാര്‍ലമെന്‍റ് അതിക്രമക്കേസിനെ കുറിച്ച് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പ്രതികരിക്കണമെന്നും പ്രതികള്‍ക്ക് പാസ് നല്‍കിയ ബി.ജെ.പി എം.പി പ്രതാപ് സിംഹക്ക് ഇവരുമായുള്ള ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിനാണ് എം.പിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്തത്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.30 പാര്‍ട്ടികളില്‍ നിന്നായി 45 നേതാക്കള്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തെന്ന് മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയും പാര്‍ലമെന്‍റില്‍ ചര്‍ച്ചചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു. അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഒരു ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാത്ത നിലപാടാണ് കേന്ദ്ര സര്‍ക്കാറിന്‍റേതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യായ് ചൂണ്ടിക്കാട്ടി. ജനുവരി 31ന് തുടങ്ങി ഫെബ്രുവരി ഒമ്പത് വരെയാണ് പാര്‍ലമെന്‍റ് ബജറ്റ് സെഷന്‍. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *