ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ ചോദ്യം ചോദിക്കുന്നതിന് പണം വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ വിളിച്ചുവരുത്താന്‍ പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റി. ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ കമ്മിറ്റി ഈ മാസം 31-ന് ഹാജരാകണമെന്ന് മഹുവയോട് ആവശ്യപ്പെട്ടു. ബി.ജെ.പി എംപി നിഷികാന്ത് ദുബെയുടെയും അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായിയുടെയും മൊഴി സമിതി രേഖപ്പെടുത്തി.
വിഷയം പാര്‍ലമെന്‍റിന്‍റെ അന്തസിന്‍റെ പ്രശ്നമെന്ന് നിഷികാന്ത് ദുബെ പറഞ്ഞു.വിശദമായ അന്വേഷണത്തിനായി കേസിന്‍റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഐടി മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ടെന്ന് എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് സോങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വ്യവസായ പ്രമുഖനായ ദര്‍ശന്‍ ഹിരാനന്ദാനിക്ക് വേണ്ടി പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മൊയ്ത്ര പണം വാങ്ങിയെന്നാരോപിച്ച് നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതിയിരുന്നു. ആരോപണം പൂര്‍ണ്ണമായും നിഷേധിച്ച മഹുവ തന്നെ വ്യക്തിഹത്യ ചെയ്യുന്നതിനും രാഷ്ട്രീയ താല്‍പ്പര്യത്തിനും വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും പ്രതികരിച്ചു.