പാര്‍ലമെന്‍റിലേയ്ക്കുള്ള കര്‍ഷകരുടെ മാര്‍ച്ച് പൊലീസ് തടഞ്ഞു

Top News

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിലേയ്ക്കുള്ള കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് നോയിഡയില്‍ വെച്ച് പൊലീസ് തടഞ്ഞു. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ പാര്‍ലമെന്‍റിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാസങ്ങളായി സമരത്തിലാണ് കര്‍ഷകര്‍.
വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പുനല്‍കുന്നതിനുള്ള നിയമം, കര്‍ഷകര്‍ക്ക് പെന്‍ഷന്‍, വിള ഇന്‍ഷുറന്‍സ്, കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കല്‍ തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ സമരരംഗത്തിറങ്ങിയിരിക്കുന്നത്.
കര്‍ഷകര്‍ അതിര്‍ത്തികളില്‍ ഒത്തുകൂടുന്നതും ഡല്‍ഹിയില്‍ പ്രവേശിക്കുന്നതും തടയാന്‍ നോയിഡ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും കര്‍ഷകരുടെ പ്രതിഷേധ ആഹ്വാനത്തിന് പിന്നാലെ ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസുകാര്‍ക്ക് പുറമെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിലെ ഉദ്യോഗസ്ഥരെയും രംഗത്തിറക്കി. കലാപ നിയന്ത്രണ വാഹനങ്ങളും വിന്യസിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *