ന്യൂഡല്‍ഹി: ഈ മാസം 31ന് പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങാനിരിക്കേ, പാര്‍ലമെന്‍റ് സമുച്ചയത്തില്‍ കേന്ദ്ര വ്യവസായ സുരക്ഷ സേനയെ (സി.ഐ.എസ്.എഫ്) വിന്യസിച്ചു.140 ജവാന്മാരെയാണ് സുരക്ഷക്ക് നിയോഗിച്ചത്.
കഴിഞ്ഞ സഭ സമ്മേളനത്തിലുണ്ടായ ഗുരുതര സുരക്ഷ പിഴവിനെ തുടര്‍ന്നാണ് ഇതുവരെയില്ലാത്തവിധം, ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സായുധസേന പാര്‍ലമെന്‍റ് സുരക്ഷ ഏറ്റെടുക്കുന്നത്. സന്ദര്‍ശകരുടെ ദേഹപരിശോധന മുതല്‍ അഗ്നിരക്ഷാ സുരക്ഷ ക്രമീകരണം വരെ ഇവരുടെ ചുമതലയിലാണ്.
വിമാനത്താവളങ്ങളിലെന്ന പോലെ സന്ദര്‍ശകരുടെ ബാഗും മറ്റും എക്സ്റേ മെഷീന്‍, ഡിറ്റക്ടര്‍ തുടങ്ങിയവ ഉപയോഗിച്ച് പരിശോധിക്കും. സന്ദര്‍ശകര്‍ ഷൂസ്, ജാക്കറ്റ്, ബെല്‍റ്റ് തുടങ്ങിയവ ട്രേയിലാക്കി എക്സ്റേ സ്കാനറിലൂടെ കടത്തിവിടേണ്ടി വരും.
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിനു പുറമെ പഴയ പാര്‍ലമെന്‍റ് മന്ദിരം, അനുബന്ധ കെട്ടിടങ്ങള്‍ എന്നിവയും സി.ഐ.എസ്.എഫ് നിയന്ത്രണത്തിലായി. ഡല്‍ഹി പൊലീസ്, പാര്‍ലമെന്‍റ് ഡ്യൂട്ടി ഗ്രൂപ്, സി.ആര്‍.പി.എഫ് എന്നിവക്കു പുറമെയാണിത്.