പാരീസ്: 17 വയസുകാരനെ ഫ്രഞ്ച് ട്രാഫിക് പോലീസുകാര്‍ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് അക്രമികള്‍ പാരീസിലെ പ്രാദേശിക മേയറുടെ വീട് തീവച്ച് നശിപ്പിച്ചു.
പാരീസ് നഗരപ്രാന്തത്തിലുള്ള ലെയ് ലേ റോസസ് നഗരത്തിന്‍റെ മേയറായ വിന്‍സെന്‍റ് യാന്‍ബെണിന്‍റെ വസതിയിലാണ് കലാപകാരികള്‍ കടന്നുകയറിത്.
ഞായറാഴ്ച പുലര്‍ച്ചെ നാലിനാണ് ആക്രമണമുണ്ടായത്. ഈ സമയത്ത് മേയര്‍ വീട്ടിലുണ്ടായിരുന്നില്ല. നഗരത്തിലെ കലാപം നിയന്ത്രിക്കാനായി താന്‍ ഓഫീസില്‍ പോയ വേളയിലാണ് സംഭവമെന്ന് യാന്‍ബെണ്‍ അറിയിച്ചു.
കാര്‍ ഉപയോഗിച്ച് ഗേറ്റ് തകര്‍ത്ത് അകത്ത് കയറിയ അക്രമികള്‍ വീട്ടുപകരണങ്ങള്‍ നശിപ്പിച്ച ശേഷം വീടിന്‍റെ ഒരു ഭാഗത്ത് തീയിടുകയായിരുന്നു. വീടിന് ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചു.ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മേയറുടെ ഭാര്യയ്ക്കും ഏഴും അഞ്ചും വയസുള്ള കുട്ടികള്‍ക്കും നേരെ അക്രമികള്‍ പടക്കങ്ങള്‍ എറിഞ്ഞു. മേയറുടെ പത്നി മെലനി നൊവാക്കിന്‍റെ കാലിന് ആക്രമണത്തില്‍ പൊട്ടലേറ്റു. മേയറുടെ കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്.