കൃഷ്ണഗിരി: കിണറ്റില്‍ വീണ പാമ്പിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അതേ പാമ്പ് വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചതോടെ പാമ്പുപിടുത്തക്കാരന്‍ മരിച്ചു.തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ പാമ്പുപിടുത്തക്കാരന്‍ ജി.നടരാജന്‍(55) ആണ് ശ്വാസംമുട്ടി മരിച്ചത്. ഇവിടെ മനംഗമുതലു ഗ്രാമത്തില്‍ കിണറ്റില്‍ വീണ നിലയില്‍ പത്തടി നീളമുളള മലമ്ബാമ്പിനെ കണ്ടെത്തി. ഇതിനെ രക്ഷിക്കാന്‍ നടരാജന്‍ കിണറ്റിലിറങ്ങി. ഇതോടെ പാമ്പ് നടരാജന്‍റെ കഴുത്തില്‍ പിടിയിട്ട് ശക്തമായി വരിഞ്ഞുമുറുക്കി. പാമ്പില്‍ നിന്നും പിടിവിടാനുളള ശ്രമത്തിനിടെ ഇദ്ദേഹം കിണറ്റിലേക്ക് വീണു. വൈകാതെ മരണമടയുകയായിരുന്നു.
കര്‍ഷകനായ ചിന്നസ്വാമി എന്നയാളുടെ പുരയിടത്തിലാണ് അറുപതടി താഴ്ചയുളള കിണര്‍. ശക്തമായ മഴയുളളതിനാല്‍ കിണറ്റില്‍ മൂന്നിലൊന്ന് ഭാഗം വെളളമുണ്ടായിരുന്നു. ഇവിടെയാണ് ഒരു ആടിനെ വിഴുങ്ങിയ ശേഷം മലമ്പാമ്പ് കിടന്നിരുന്നത്. പാമ്പിനെ രക്ഷിക്കാന്‍ ശ്രമിക്കവെ ആദ്യം കാലിലും പിന്നീട് കഴുത്തിലും പാമ്പ് വരിഞ്ഞുമുറുകുകയായിരുന്നു.സംഭവം അറിഞ്ഞതോടെ അഗ്നിരക്ഷാ സേനാ അംഗങ്ങള്‍ ഇവിടെയെത്തി പാമ്പില്‍ നിന്നും നടരാജനെ വിടുവിച്ച ശേഷം കാവേരിപട്ടണത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംഭവശേഷം സ്ഥലത്തുനിന്നും മലമ്പാമ്പിനെ കാണാതായിട്ടുമുണ്ട്. ഇതിനായുളള അന്വേഷണം നടക്കുകയാണ്.