കോട്ടയം: പാമ്പാടിയില്‍ കഴിഞ്ഞ ദിവസം നാട്ടുകാരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. വീട്ടില്‍ കിടന്നുറങ്ങിയ സ്കൂള്‍ വിദ്യാര്‍ഥിയടക്കം ഏഴു പേര്‍ക്കാണ് ശനിയാഴ്ച നായയുടെ കടിയേറ്റത്.
നായയെ നാട്ടുകാര്‍ കൊന്നെങ്കിലും പ്രകോപനമില്ലാതെ നായ ആക്രമണം നടത്തിയത് പേവിഷബാധയുള്ളതു കൊണ്ടാണെന്ന് സംശയം ഉയര്‍ന്നിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാനാണ് പഞ്ചായത്ത് തീരുമാനം. കടിയേറ്റവരെല്ലാം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തു.
അതേസമയം പേവിഷബാധയക്കുറിച്ച് ബോധവത്കരണം ശക്തമാക്കിയതോടെ തദ്ദേശ സ്ഥാപനങ്ങളില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് എടുക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടി. നഗരസഭകളിലേക്കാള്‍ കൂടുതല്‍ ആളുകള്‍ ലൈസന്‍സ് എടുക്കാന്‍ എത്തുന്നത് ഗ്രാമപഞ്ചായത്തുകളിലാണ്. അതിവേഗത്തിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.