കണ്ണൂര്‍: പാനൂര്‍ സ്ഫോടന കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കുന്നോത്ത് പറമ്പ് സ്വദേശി അമല്‍ ബാബു, മുളിയത്തോട് സ്വദേശി മിഥുന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം ആറായി. സ്ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്നയാളാണ് അമല്‍. മിഥുന്‍ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നാണ് പൊലീസ് പറയുന്നത്. ബെംഗളൂരുവില്‍ നിന്നാണ് മിഥുനെ പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ നിന്ന് വെടിമരുന്ന് അടക്കമുള്ള എത്തിച്ച് നല്‍കി ബോംബുണ്ടാക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തു നല്‍കിയതും മിഥുനാണെന്നാണ് പൊലീസ് പറയുന്നത്.
സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചിരുന്നു.പാനൂര്‍ മുളിയത്തോട് സ്വദേശി ഷെറിന്‍ കാട്ടിന്‍റവിട എന്നയാളാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ വിനീഷ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
സ്ഫോടന സമയത്ത് സ്ഥലത്ത് 10 പേരുണ്ടായിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഈപത്തുപേരെയും ഇപ്പോള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബോംബ് നിര്‍മാണത്തിനായി ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും പൊലീസ് പറയുന്നു.