തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ തട്ടിപ്പുകാരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി നിക്ഷേപകരുടെ കണ്ണീര്‍ കാണുന്നില്ല. പാത്രത്തിലാകെ കറുത്തവറ്റാണ്. മുഖ്യമന്ത്രി അത് മനസ്സിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.കേരളത്തിലെ സഹകരണമേഖലയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കൊള്ളയാണു കരുവന്നൂരില്‍ നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.
തൃശൂരിലെ സഹകരണ ബാങ്കുകളില്‍ മാത്രം 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. തട്ടിപ്പുകാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണ്.
പാത്രത്തിലെ ചോറില്‍നിന്ന് ഒരു കറുത്തവറ്റ് തിരഞ്ഞ് കണ്ടുപിടിച്ച്, ചോറാകെ മോശമാണെന്നു പറയുന്നുവെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്നു മുഖ്യമന്ത്രി മനസിലാക്കണം. സഹകരണ മേഖലയ്ക്ക് ഒരു കോട്ടവും സംഭവിക്കരുതെന്ന് പ്രതിപക്ഷം ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് കൊള്ളക്കാരെ തള്ളിപ്പറയുന്നത്.
മുഖ്യമന്ത്രി നിക്ഷേപകരുടെ കണ്ണീര് കാണാത്തത് എന്തുകൊണ്ടാണ്?. സഹകരണ മേഖലയിലെ കള്ളനാണയങ്ങളെ പുറത്താക്കി ശുദ്ധീകരണം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനവും കേരളീയം പരിപാടിയും സര്‍ക്കാര്‍ ചെലവിലുള്ള എല്‍.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണമാണ്. ധനപ്രതിസന്ധിയില്‍ സര്‍ക്കാര്‍ നട്ടംതിരിയുമ്പോഴാണ് ഈ ധൂര്‍ത്ത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം ജനജീവിതത്തെ ബാധിച്ചു തുടങ്ങി. അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടാതെ, സാധാരണക്കാരന്‍റെ നികുതി പണം ധൂര്‍ത്തടിക്കുന്ന പരിപാടികളുമായി പ്രതിപക്ഷത്തിനു സഹകരിക്കാനാകില്ല- വി.ഡി. സതീശന്‍ വ്യക്തമാക്കി.
