തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമായി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങള്‍ക്ക് ഇന്നലെ ചേര്‍ന്ന സംസ്ഥാന സ്കൂള്‍ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നല്‍കി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലേക്കായി തയ്യാറാക്കിയ 173 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 2007 ന് ശേഷം ആദ്യമായാണ് സമഗ്ര പരിഷ്കരണത്തോടെ പാഠപുസ്തകം പുറത്തിറങ്ങുന്നത്. പാഠപുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പും പ്രസിദ്ധീകരിക്കും. അഞ്ച്മുതല്‍ 10 വരെ ക്ലാസുകളില്‍ തൊഴില്‍ വിദ്യാഭ്യാസം നല്‍കും. കുട്ടിയുടെ പഠനത്തോട് രക്ഷിതാവിന്‍റെ സമീപനം എന്താകണം എന്ന് വ്യക്തമാക്കുന്ന കൈപ്പുസ്തകം രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കും. രാജ്യത്ത് ആദ്യമായാണ് ഇത്. പാഠപുസ്തകങ്ങളില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളും ഉള്‍ക്കൊള്ളുന്നുവെന്നത് ഇത്തവണത്തെ സവിശേഷതയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ദേശീയതലത്തില്‍ തന്നെ പാഠ്യപദ്ധതി പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്ന സംസ്ഥാനം കേരളമാണെന്നും വിദ്യാഭ്യസമന്ത്രി പറഞ്ഞു. അക്കാദമിക രംഗത്തും അല്ലാതെയും ജനാധിപത്യ വിരുദ്ധമായ നടപടികള്‍ രാജ്യത്ത് സംഭവിക്കുമ്പോള്‍ അതിനെ അക്കാദമികമായി ചെറുക്കാന്‍ നാം ശ്രമിച്ചിട്ടുണ്ട്. അത് തുടരുകതന്നെ ചെയ്യും. ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പരിഷ്കരണ പ്രവര്‍ത്തനങ്ങളാണ് കേരളം പിന്തുടരുക എന്ന് തുടക്കം മുതല്‍ തന്നെ നാം പ്രഖ്യാപിച്ചതാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ പാഠപുസ്തകങ്ങളുടെ തുടക്കത്തിലും ഭരണഘടനയുടെ ആമുഖം അച്ചടിക്കുന്നത്. അത് കുട്ടികള്‍ ഉള്‍ക്കൊള്ളാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പാഠ്യപദ്ധതിയിലുണ്ടാകും. അടുത്ത അധ്യയന വര്‍ഷത്തിനായി സ്കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ പുതിയ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. എല്ലാ പുസ്തകങ്ങളിലും മലയാളം അക്ഷരമാലയുണ്ടാകും. നവകേരള നിര്‍മ്മിക്ക് ഉതകുന്നതാണ് ഓരോ പാഠപുസ്തകവുമെന്നും മന്ത്രി വ്യക്തമാക്കി.