കാസര്‍കോട്: പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ പേരില്‍ തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊതുവിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ലിംഗ സമത്വം, ആണ്‍, പെണ്‍ കുട്ടികള്‍ ഇടകലര്‍ന്ന ക്ലാസ്, യൂണിഫോം, ലൈംഗിക വിദ്യഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണ് ചിലര്‍. മിക്സഡ് ക്ലാസ്, യൂണിഫോം കാര്യങ്ങളില്‍ സ്കൂള്‍ പിടിഎ യും തദ്ദേശഭരണ സ്ഥാപനങ്ങളും കൂട്ടായിയെടുക്കുന്ന തീരുമാനമായിരിക്കും വിദ്യഭ്യാസ വകുപ്പ് അംഗീകരിക്കുക.
കേരള സംസ്കാരത്തിന്‍റെ ഭാഗമായ ബഹുസ്വരതയും മതമൂല്യങ്ങളും മതേതരത്വവും മറ്റും ഉയര്‍ത്തി പിടിച്ചായിരിക്കും പാഠ്യപദ്ധതി പരിഷ്കരണം. രണ്ട് വര്‍ഷം വേണ്ടിവരും പദ്ധതി പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ തീരാന്‍. രാജ്യത്ത് ആദ്യമായാണ് പാഠ്യപദ്ധതി പരിഷ്കരണത്തില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അഭിപ്രായം തേടുന്നത്. ജനകീയ പാഠ പുസ്തക നിര്‍മാണമാണ് നടക്കുന്നത്. മതത്തിനൊ ഒരു വിഭാഗത്തിനൊ എതിരായുള്ള പാഠ പുസ്തകമായിരിക്കില്ല.മന്ത്രി പറഞ്ഞു.