ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല. 1728 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില. കഴിഞ്ഞ മാസം ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപ വര്‍ധിച്ചിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ഈ വര്‍ഷം കൂട്ടിയത് 205.50 രൂപയാണ്. ഈ മാസം ഒന്നിന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 38 രൂപ കൂടിയിരുന്നു. ഇന്ന് ഇന്ധന വിലയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോള്‍ വില 30 പൈസയും ഡീസല്‍ വില 37 പൈസയും കൂടി. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലീറ്ററിന് 103.25 രൂപയും ഡീസല്‍ ലീറ്ററിന് 96.53 രൂപയുമാണു വില. ഇന്നലെ യഥാക്രമം 102.95 രൂപയും 96.16 രൂപയുമായിരുന്നു വില.