ന്യൂഡല്‍ഹി: പാകിസ്ഥാന്‍ നാവികസേനയുടെ വെടിവയ്പില്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതില്‍ ഇന്ത്യ ശക്തമായി അപലപിച്ചു.ഗുജറാത്തിലെ ദ്വാരക തീരത്തിനടുത്തുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടിനുനേരെ അകാരണമായി പാക് സേന വെടിയുതിര്‍ക്കുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ശ്രീധര്‍ രമേഷ് ചാമ്രെ (32) ആണ് കൊല്ലപ്പെട്ടത്.
ബോട്ടിലുണ്ടായിരുന്ന ആറ് പേരെ പാക് സേന ബന്ദികളാക്കിയ ശേഷം വൈകിട്ടോടെ തിരിച്ചുവിട്ടിരുന്നു.സംഭവം ഗൗരവമായി കാണുന്നുണ്ടെന്നും വിഷയം നയതന്ത്രപരമായി സ്വീകരിക്കുമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ യഥാസമയം അറിയിക്കുമെന്നും വൃത്തങ്ങള്‍ വെളിപ്പെടുത്തി.
വെടിവയ്പില്‍ മറ്റൊരു മത്സ്യത്തൊഴിലാളിയ്ക്ക് പരിക്കേറ്റു. ഗുജറാത്തിലെ ഓഖയില്‍ നിന്നും പുറപ്പെട്ട ജല്‍പരിയെന്ന ബോട്ടിനുനേരെയാണ് ആക്രമണമുണ്ടായത്.
കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ഓഖ തുറമുഖത്ത് എത്തിച്ചെന്നും നാവി ബന്തര്‍ പൊലീസുമായി ചേര്‍ന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തെന്നും ദേവ്ഭൂമി ദ്വാരക എസ് പി സുനില്‍ ജോഷി അറിയിച്ചു. പാക് സേന വെടിയുതിര്‍ക്കുമ്പോള്‍ ശ്രീധര്‍ ബോട്ടിന്‍റെ ക്യാബിനില്‍ ആയിരുന്നെന്നും മൂന്ന് വെടിയുണ്ടകള്‍ നെഞ്ചില്‍ പതിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്നും ജല്‍പരി ബോട്ടുടമ ജയന്തിഭായ് റാത്തോഡ് പറഞ്ഞു.ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിയുതിര്‍ക്കുകയും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തടവിലാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കാലങ്ങളായി തുടരുകയാണ്.
ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം 558 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാക് ജയിലില്‍ കഴിയുകയാണ്. ഇവരില്‍ കൂടുതല്‍ പേരും ഗുജറാത്ത്, ദാമന്‍ ആന്‍ഡ് ദിയു സ്വദേശികളാണ്.