ബുദ്ഗാം: പാക് അധീന കശ്മീര്‍ തിരിച്ചു പിടിക്കുകയാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.1947ല്‍ ബുദ്ഗാം വിമാനത്താവളത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമ ലാന്‍ഡിങ് ഓപറേഷനുകളുടെ സ്മരണക്കായി ശ്രീനഗറില്‍ നടന്ന ‘ശൗര്യ ദിവസ്’ ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.1994 ഫെബ്രുവരി 22ന് പാര്‍ലമെന്‍റ് പാസാക്കിയ പാക് അധീന കശ്മീരിലെ ഗില്‍ജിത്, ബാള്‍ട്ടിസ്താന്‍ തുടങ്ങിയ കശ്മീരന്‍റെ ശേഷിക്കുന്ന ഭാഗങ്ങള്‍ തിരിച്ചു പിടിക്കാനുള്ള പ്രമേയം ഏകകണ്ഠമായി നടപ്പാക്കുകയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനായി ജീവന്‍ ബലിയര്‍പ്പിച്ച കരസേന സൈനികര്‍ക്കും ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കും പ്രതിരോധ മന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു.സൈനികരുടെ വീര്യവും ത്യാഗവും കൊണ്ടാണ് ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനിന്നതെന്നും ഭാവിയിലും അത് തുടരുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. സൈനികര്‍ സ്ഥാപിച്ച ശക്തമായ അടിത്തറയിലാണ് ഇന്ന് രാജ്യം തലയുയര്‍ത്തി നില്‍ക്കുന്നത്. ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ് ഏറ്റവും വലിയ മഹത്വം. 1947ലെ സംഭവം അത്തരത്തിലുള്ള ഒന്നാണെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
പാകിസ്താന്‍ അനധികൃതമായി കൈയടക്കിയ ചില പ്രദേശങ്ങള്‍ ഇപ്പോഴും ആ പുരോഗതി കൈവരിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിന് ശേഷം പതിറ്റാണ്ടുകളായി ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് വികസനവും സമാധാനവും നഷ്ടപ്പെട്ടിരുന്നു. മുമ്പ് ചില ഇന്ത്യാ വിരുദ്ധര്‍ മതത്തിന്‍റെ പേരില്‍ സമാധാനവും സൗഹാര്‍ദവും തകര്‍ക്കാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ സര്‍ക്കാറിന്‍റേയും സേനയുടെയും നിരന്തര ശ്രമങ്ങള്‍ വഴി ജമ്മു കശ്മീരില്‍ സമാധാനവും സമാധാനവും ഉണ്ടെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.1947 ഒക്ടോബര്‍ 27ന് മഹാരാജ ഹരി സിങ്ങും ഇന്ത്യ ഗവണ്‍മെന്‍റും തമ്മില്‍ കരാര്‍ ഒപ്പുവെച്ച ശേഷം ജമ്മു കശ്മീരില്‍ നിന്ന് പാകിസ്താന്‍ സേനയെ തുരത്താന്‍ കരസേന സൈനികരെ വ്യോമസേന ബുദ്ഗാം വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു. ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമ ലാന്‍ഡിങ് ഓപറേഷനുകളുടെ സ്മരണക്കായി ഒക്ടോബര്‍ 27 ‘ഇന്‍ഫന്‍ട്രി ഡേ’യായാണ് ആഘോഷിക്കുന്നത്. 75 വര്‍ഷം മുമ്പ് പാകിസ്താനെ പാഠം പഠിപ്പിച്ച റെജിമെന്‍റാണ് 46 ആര്‍.ആര്‍ ബറ്റാലിയന്‍.