മെല്‍ബണ്‍: ടി20 ലോകകപ്പ് ഇംഗ്ലണ്ടിന്. ഫൈനലില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഇംഗ്ലണ്ട് കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന്‍റെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണിത്. 2010ല്‍ വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായ ലോകകപ്പിലും ഇംഗ്ലണ്ടിനായിരുന്നു കിരീടം.138 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. അലക്സ് ഹെയ്ല്‍സ് (1), ഫിലിപ് സാള്‍ട്ട് (10), ജോസ് ബട്ലര്‍ (26) എന്നിവരാണ് മടങ്ങിയത്. ഇതില്‍ രണ്ട് വിക്കറ്റുകളും ഹാരിസ് റൗഫിനായിരുന്നു. ഹെയ്ല്‍സിനെ ഷഹീന്‍ അഫ്രീദി ആദ്യ ഓവറില്‍ മടക്കി. എന്നാല്‍ ഹാരി ബ്രൂക്ക്- സ്റ്റോക്സ് സഖ്യം അഞ്ചാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടിചേര്‍ത്തു. ബ്രൂക്കിനെ ഷദാബ് ഖാന്‍ മടക്കി. നിര്‍ണായക സംഭാവന നല്‍കി മൊയീന്‍ അലി (19) വിജയത്തിനടുത്തു പുറത്തായി. ലിയാം ലിവിസ്റ്റണിനെ കൂട്ടുപിടിച്ച് സ്റ്റോക്സ് വിജയം പൂര്‍ത്തിയാക്കി.
ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ വളരെ കരുതലോടെയാണ് ആരംഭിച്ചത്.മുഹമ്മദ് റിസ്വാനെ(14 പന്തില്‍ 15) ബൗള്‍ഡാക്കി സാം കറന്‍ ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. വണ്‍ഡൗണായി എത്തിയ മുഹമ്മദ് ഹാരിസിന് സ്കോര്‍ വേഗത്തില്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല.പവര്‍ പ്ലേയില്‍ പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെടുത്തു. 12 പന്തില്‍ 8 റണ്‍സെടുത്ത ഹാരിസിനെ മടക്കി റഷീദ് പാക് കുതിപ്പിന് കടിഞ്ഞാണിട്ടു. ബാബറിനൊപ്പം ചേര്‍ന്ന ഷാന്‍ മസൂദ് പാക്കിസ്ഥാനെ എട്ടാം ഓവറില്‍ 50 കടത്തി. പത്തോവര്‍ പിന്നിടുമ്പോള്‍ 68 റണ്‍സ് മാത്രമുണ്ടായിരുന്ന പാക്കിസ്ഥാന്‍ ലിയാം ലിവിംഗ്സ്റ്റണ്‍ എറിഞ്ഞ പതിനൊന്നാം ഓവറില്‍ 16 റണ്‍സടിച്ച് ഗിയര്‍ മാറ്റിയെങ്കിലും പന്ത്രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ആദില്‍ റഷീദ്, ബാബറിനെ(28 പന്തില്‍ 32)ഉജ്ജ്വല മായൊരു ക്യാച്ചിലൂടെ പുറത്താക്കിയതോടെ പാക്കിസ്ഥാന്‍ ആശങ്കയിലായി. പിന്നാലെ ബെന്‍ സ്റ്റോക്സ് ഇഫ്തീഖര്‍ അഹമ്മദിനെ(0) ജോസ് ബട്ലറുടെ കൈകളിലെത്തിച്ചതോടെ പാക്കിസ്ഥാന്‍ പതറി.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഷാന്‍ മസൂദും ഷദാബ് ഖാനും ചേര്‍ന്ന് അടി തുടങ്ങിയതോടെ പാക്കിസ്ഥാന്‍ 15-ാം ഓവറില്‍ 100 കടന്നു. 15 ഓവര്‍ പിന്നിടുമ്പോള്‍ 106-4 ആയിരുന്നു പാക് സ്കോര്‍. നിലയുറപ്പിച്ച ഷാന്‍ മസൂദിനെ(28 പന്തില്‍ 38) പതിനേഴാം ഓവറില്‍ സാം കറനും ഷദാബ് ഖാനെ(14 പന്തില്‍ 20) പതിനെട്ടാം ഓവറില്‍ ക്രിസ് ജോര്‍ദാനും വീഴ്ത്തിയതോടെ 150 കടക്കാമെന്ന പാക് പ്രതീക്ഷ തകര്‍ന്നു. അവസാന പ്രതീക്ഷയായ മുഹമ്മദ് നവാസിനെ(5) പത്തൊമ്പതാം ഓവറില്‍ സാം കറന്‍ മടക്കിയതോടെ പാക് പോരാട്ടം അവസാനിച്ചു. അവസാന അഞ്ചോവറില്‍ ഒരേയൊരു ബൗണ്ടറി മാത്രം നേടിയ പാക്കിസ്ഥാന് ആകെ നേടാനായത് 31 റണ്‍സ് മാത്രം. ഇംഗ്ലണ്ടിനായി സാം കറന്‍ നാലോവറിര്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആദില്‍ റഷീദ് നാലോവറില്‍ 22 റണ്‍സിനും ക്രിസ് ജോര്‍ദ്ദാന്‍ നാലോവറില്‍ 27 റണ്‍സിനും രണ്ട് വിക്കറ്റ് വീതമെടുത്തു.