ലക്നൗ: പാകിസ്ഥാന്‍ ചാരസംഘടനയായ ഇന്‍റര്‍ സര്‍വ്വീസസ് ഇന്‍റലിജന്‍സ് (ഐഎസ്ഐ) ഏജന്‍റായി പ്രവര്‍ത്തിച്ചിരുന്ന വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പിടിയില്‍.മോസ്കോയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാളാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (യുപിഎടിഎസ്) നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ഇയാളെ മീററ്റില്‍ നിന്നും പിടികൂടിയത്.
2021 മുതല്‍ സത്യേന്ദ്ര സിവാള്‍ മോസ്കോയിലെ എംബസിയില്‍ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്‍റായി (ഐബിഎസ്എ) ജോലി ചെയ്ത് വരികയായിരുന്നു. ഇയാള്‍ ഐഎസ്ഐക്കുവേണ്ടി ചാരവൃത്തി ചെയ്യുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതോടെയാണ് യുപിഎടിഎസ് നടപടി സ്വീകരിച്ചത്. ചോദ്യം ചെയ്യലില്‍ സത്യേന്ദ്ര സിവാള്‍ ആദ്യം സഹകരിച്ചിരുന്നില്ല.തുടര്‍ന്ന് കുറ്റം സമ്മതിക്കുകയായിരുന്നു.
ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരങ്ങള്‍ ചോര്‍ത്തികൊടുക്കാറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ഐഎസ്ഐ പണം നല്‍കാറുണ്ടെന്നും യുപിഎടിഎസ് കണ്ടെത്തി. ഇന്ത്യന്‍ എംബസി, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ഐഎസ്ഐ സംഘത്തിന് സത്യേന്ദ്ര സിവാള്‍ കൈമാറിയതായും വിവരമുണ്ട്. ഇയാള്‍ക്കെതിരെ രാജ്യദ്രോഹത്തിനും വഞ്ചനാക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.