പാകിസ്ഥാനിലെ പ്രവിശ്യാ തിരഞ്ഞെടുപ്പ് ഫലം; ഇമ്രാന്‍റെ പാര്‍ട്ടിക്ക് ദയനീയ തോല്‍വി

Latest News

ഖൈബര്‍ പക്തൂണ്‍ഖ്വ : കൊവിഡ് കാലത്തെ രാജ്യത്തെ പ്രതിസന്ധിയും തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടുകയാണ് പാകിസ്ഥാന്‍.പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ജനങ്ങളിലുളള അപ്രീതി വര്‍ദ്ധിക്കുന്നതിന്‍റെ സൂചനകള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി പാക് പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫ് പരാജയമറിയാതെ ഭരിക്കുന്ന ഒരു പ്രവിശ്യയിലെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദയനീയമായി തോറ്റു.
21 സീറ്റുകളിലാണ് ഇവിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിജയിച്ചത്.മേയര്‍മാരെയും മറ്റ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തിരഞ്ഞെടുക്കാനായി വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ 34 സീറ്റുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
എന്നാല്‍ ഇപ്പോള്‍ ഫലംവന്ന അതേ തരത്തിലാണ് ലീഡ് നിലയുമുളളത്.കഴിഞ്ഞ രണ്ട് പ്രവിശ്യാ തിരഞ്ഞെടുപ്പുകളിലും ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടി മികച്ച വിജയം നേടുകയും ഭരണം നേടുകയും ചെയ്തിരുന്നു ഇവിടെ. ഡിസംബര്‍ 24നാണ് അന്തിമഫലം പുറത്തുവരിക. പണപ്പെരുപ്പവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയും ഇമ്രാന്‍റെ തകര്‍ച്ചയ്ക്ക് കാരണമായതായി ദാവൂദ് ഇക്വിറ്റീസ് ലിമിറ്റഡ് കോര്‍പറേറ്റ് മേധാവി മേമൂന തന്‍വീര്‍ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും മോശമായ പ്രകടനമുളള കറന്‍സി പാകിസ്ഥാനിലേതാണ്.
പാര്‍ട്ടിയിലെ മോശം സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് പരാജയ കാരണമെന്നാണ് ഇമ്രാന്‍റെ പ്രതികരണം. രണ്ട് വര്‍ഷം കൂടി ബാക്കിയുളളതായും തിരഞ്ഞെടുപ്പില്‍ തിരിച്ചുവരവിന് ഇത് സഹായിക്കുമെന്നാണ് തെഹ്രീക് ഇ ഇന്‍സാഫ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.
അടുത്ത ഘട്ടം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തിരികെയെത്തുമെന്ന് ഇമ്രാന്‍ ഖാനും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *