പാകിസ്താനില്‍ ഇരട്ട സ്ഫോടനവും ഗ്രനേഡ് ആക്രമണവും; നിരവധി പേര്‍ മരിച്ചു

Top News

ബലൂചിസ്താന്‍:പൊതുതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പാകിസ്താനില്‍ ഇരട്ട സ്ഫോടനവും വ്യാപക ഗ്രനേഡ് ആക്രമണവും. ബലൂചിസ്താന്‍ പ്രവിശ്യയിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. നാല്‍പതിലധികം പേര്‍ക്ക് പരുക്കേറ്റു. പഷിന്‍ ജില്ലയിലുണ്ടായ സ്ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരുക്കേറ്റു. ഖ്വില്ല സൈഫുള്ള നഗരത്തിലാണ് രണ്ടാമത്തെ സ്ഫോടനം അരങ്ങേറിയത്. ഇവിടെ 12 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ഒമ്പത് ഇടങ്ങളില്‍ ഗ്രനേഡ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളെയും സ്ഥാനാര്‍ത്ഥികളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണ പരമ്പരകളില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗവും ആംനസ്റ്റി ഇന്‍റര്‍നാഷണലും ആശങ്ക അറിയിച്ചു. അക്രമങ്ങളെ ബ്രിട്ടനും അപലപിച്ചു. ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീഖ് ഇ ഇന്‍സാഫിനെ ഇല്ലാതാക്കാന്‍ തീവ്രശ്രമം നടന്നുവെന്നാണ് ആരോപണം.രാഷ്ട്രീയ എതിരാളികള്‍ ഇതിനായി 22 മാസം കൊണ്ട് ലണ്ടന്‍ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയെന്നും പിടിഐ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി റവൂഫ് ഹസന്‍ ആരോപിച്ചു. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ സ്ഥാനാര്‍ത്ഥിത്വം തന്നെ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ചോദ്യം ചെയ്യപ്പെട്ടു. ബിലാവല്‍ ഭൂട്ടോ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് ആരോപണം. ഹര്‍ജിയില്‍ ബിലാവല്‍ ഭൂട്ടോയോട് സുപ്രീംകോടതി വിശദീകരണം തേടി.

Leave a Reply

Your email address will not be published. Required fields are marked *