പശ്ചിമഘട്ടത്തിലെ കടുവ കണക്കെടുപ്പ് തുടങ്ങി

Top News

പുനലൂര്‍: തെന്മല ശെന്തുരുണി വന്യജീവി സങ്കേതമുള്‍പ്പെടെ പശ്ചിമഘട്ട വനങ്ങളിലെ കടുവകളുടെ കണക്കെടുപ്പ് ചൊവ്വാഴ്ച ആരംഭിച്ചു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നാലുവര്‍ഷം കൂടുമ്പോഴാണ് കടുവകളുടെ കണക്കെടുക്കുന്നത്. ശെന്തുരുണിക്കൊപ്പം പേപ്പാറ വന്യജീവി സങ്കേതം, തിരുവനന്തപുരം, അച്ചന്‍കോവില്‍ ഡിവിഷനുകളിലെ വനത്തിലും ഇന്നലെ കണക്കെടുപ്പ് തുടങ്ങി.പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍െറ മേല്‍നോട്ടത്തില്‍ കണക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി.
വിവരശേഖരണത്തിന് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്.
എട്ടു ദിവസം നീളുന്ന കണക്കെടുപ്പില്‍ ജീവികളുടെ സഞ്ചാരപഥം, അവശിഷ്ടങ്ങള്‍, ജീവികളുടെ ഇരപിടിത്തം, കളകള്‍, പുല്ലുകള്‍ തുടങ്ങിയവ ശേഖരിച്ച ശേഷമാണ് കടുവകളുടെ സാന്നിധ്യവും കണക്കുമെടുക്കുന്നത്. നാലുപേര്‍ വീതം അടങ്ങുന്ന എട്ടു സംഘങ്ങളായാണ് വിവരശേഖരണം നടത്തുന്നത്. തെന്മല ഡിവിഷനില്‍ കണക്കെടുപ്പ് നേരത്തേ പൂര്‍ത്തിയായി. ഇതില്‍ അഞ്ചല്‍ റേഞ്ചില്‍ കടുവകളുടെ സാന്നിധ്യമില്ല. എന്നാല്‍, കുളത്തൂപ്പുഴ ഭാഗത്തെ വനത്തില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതായി അഞ്ചല്‍ റേഞ്ച് ഓഫിസര്‍ ടി.എസ്. സജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *