.കോഴിക്കോട് കോര്‍പ്പറേഷന്‍ ബജറ്റ്
കോഴിക്കോട്: 2024-25 സാമ്പത്തിക വര്‍ഷം കോഴിക്കോട് കോര്‍പറേഷന് 1238.69 കോടി രൂപ വരവും 1178.29 കോടി രൂപ ചെലവും 60.40 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു.ഇന്നലെ രാവിലെ മേയര്‍ ഡോ. ബീനാ ഫിലിപ്പിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസഫര്‍ അഹമ്മദാണ് ബജറ്റ് അവതരിപ്പിച്ചത്. പശ്ചാത്തല വികസനത്തിന് മുന്‍ഗണന നല്‍കുന്നതാണ് വാര്‍ഷിക ബജറ്റ്. റോഡ് അറ്റകുറ്റപണികള്‍ 17.46 കോടി, കെട്ടിട അറ്റകുറ്റ പണിക്ക് 96 ലക്ഷം, തെരുവ് വിളക്ക് കത്തിക്കല്‍ 7.53 കോടി, ശുചീകരണം 1.13 കോടി തുടങ്ങിയാണ് ചെലവിനങ്ങള്‍. ശുചിത്വ നഗരം, സാഹിത്യ നഗരം, വയോജന സൗഹൃദ നഗരം എന്നീപദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ബജറ്റ് അവതരണം. മാലിന്യസംസ്കരണത്തിന് പുതിയ ഉപകരണങ്ങള്‍ വാങ്ങും. ശുചിത്വ തൊഴിലാളികളെ നമസ്തേ പദ്ധതിയില്‍ പുനരധിവസിപ്പിക്കാന്‍ 30 ലക്ഷം.ആരോഗ്യ പരിപാലനം കാര്യക്ഷമമാക്കാന്‍ 18 ഇന പദ്ധതികള്‍. നൂറ് ശതമാനം വ്യാപാര സ്ഥാപനങ്ങളും അഴക് പദ്ധതിക്ക് കീഴില്‍ കൊണ്ടു വരും. ഞെളിയന്‍ പറമ്പില്‍ പരിസരവാസികളുടെ ജലസ്രോതസ് സംരക്ഷിക്കാനും റോഡടക്കം അടിസ്ഥാന സൗകര്യത്തിനും പദ്ധതിക്കുമായി 50 ലക്ഷം. അമൃത് 2 പദ്ധതിയിലേക്ക് മാറ്റിയ ആവിക്കല്‍, കോതി, സരോവരം മലിനജല സംസ്കരണ പ്ലാന്‍റുകള്‍ക്കായി 208 കോടി. പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റാന്‍ നടപടി ത്വരിതപ്പെടുത്തും. 75 വാര്‍ഡിലും തണലിടം വയോജന കേന്ദ്രമൊരുക്കാന്‍ 75 ലക്ഷം.കുടുംബശ്രീ വഴി വിധവകള്‍ നടത്തുന്ന ചായക്കടകള്‍ക്ക് 27 ലക്ഷം.കുടുംബശ്രീക്ക് ആസ്ഥാന മന്ദിരം പണിയാന്‍ ഒരുകോടി. സാഹിത്യ നഗരം പദ്ധതിക്ക് ഒരുകോടിയും അനുബന്ധ പദ്ധതികള്‍ക്ക് അഞ്ചു കോടിയും. പാര്‍പ്പിട പദ്ധതികള്‍ക്കായി 35 കോടി. വിദ്യാഭ്യാസ മേഖലയില്‍ പദ്ധതികള്‍ക്കായി 16 കോടി. പ്രധാനയിടങ്ങളില്‍ വാട്ടര്‍ എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ 12 ലക്ഷം. ടാഗോര്‍ഹാള്‍ പുതുക്കി പണിയാന്‍ ഒരുകോടി.സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണത്തിന് ഒരുകോടി. മൊഫ്യൂസില്‍ സ്റ്റാന്‍റില്‍ ക്ലോക് ടവര്‍. മെഡിക്കല്‍ കോളജിന് മുന്നില്‍ എസ്കലേറ്റര്‍. യുവതികളുടെ കായിക ക്ഷേമം ഉന്നമിട്ട് ധീരം പദ്ധതി. 90 പ്രാദേശിക റോഡുകള്‍ നഗരസഭ ഏറ്റെടുക്കും. എരവത്ത് കുന്ന്, പൂനൂര്‍ പുഴ മേഖല എന്നിവിടങ്ങളില്‍ 50 ലക്ഷം ചെലവില്‍ സുഗതകുമാരിയുടെയും പ്രൊഫ. ശോഭീന്ദ്രന്‍റെയും പേരില്‍ പരിസ്ഥിതി സൗഹൃദ പദ്ധതി. നഗരത്തിലെ മുഴുവന്‍ കാവുകളും സംരക്ഷിക്കാനുള്ള പദ്ധതിക്ക് 50ലക്ഷം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും 24 മണിക്കൂറും സുരക്ഷിതമായി ഉപയോഗിക്കാനുള്ള ജെന്‍റര്‍ സേഫ് കോറിഡോര്‍. നഗരത്തിലെത്തുന്നവര്‍ക്കായി ഡോര്‍മെറ്ററി, ശുചിമുറികള്‍ കൂട്ടി യോജിപ്പിച്ച് സോസ്റ്റര്‍ സംരംഭങ്ങള്‍. പുതിയ 25 അങ്കണവാടി കെട്ടിടങ്ങള്‍ക്ക് 1.5 കോടി. അങ്കണവാടികളോട് ചേര്‍ന്ന് പൂന്തോട്ടവും ഐസിഡിഎസുകള്‍ക്ക് ഓഫീസുകളും. 28 ഹെല്‍ത്ത് ആന്‍റ് വെല്‍നസ് സെന്‍ററുകളും മാര്‍ച്ച് 31 നകം പ്രവര്‍ത്തനക്ഷമമാക്കും.വാര്‍ഡ്തല ജനകീയ ഇടപെടലിലൂടെ അന്യാധീനപ്പെട്ട നഗരസഭ ഭൂമി തിരിച്ച് പിടിക്കാന്‍ പ്രത്യേക ടാസ്ക് ഫോഴ്സ്. വെള്ളയില്‍ കസ്റ്റംസ് റോഡില്‍ പുതിയ വാണിജ്യസമുച്ചയം. പണി കഴിഞ്ഞ വനിതാഹോസ്റ്റലും ഷീലോഡ്ജും ഫെബ്രുവരിയില്‍ തുറക്കും. മെഡിക്കല്‍ കോളജ് ബസ് ടെര്‍മിനലിന് ഈ കൊല്ലം നടപടി. നഗരത്തില്‍ ആദ്യ ഫുഡ് സ്ട്രീറ്റ് ഈ മാസം. മൂന്നിടത്ത് കൂടി പുതിയ ഫുഡ് സ്ട്രീറ്റുകള്‍.