പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലേക്ക് ലീഗിനെ ക്ഷണിച്ചത് വ്യാമോഹം കൊണ്ടല്ല: മുഖ്യമന്ത്രി

Top News

തിരുവനന്തപുരം: പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചത് വ്യാമോഹം കൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷണിച്ചാല്‍ വരുമെന്ന് പറഞ്ഞപ്പോള്‍ ക്ഷണിച്ചതാണ്. പലസ്തീന്‍ വിഷയത്തില്‍ നെഹ്റുവിന്‍റെ അനുയായികള്‍ക്ക് വ്യക്തത ഇല്ല. ഒരേ സമയം ഇസ്രായേലിനും പലസ്തീനുമൊപ്പം നില്‍ക്കാന്‍ സാധിക്കുന്നത് എങ്ങനെയെന്നും കോണ്‍ഗ്രസിനെയും ശശി തരൂരിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി ചോദിച്ചു.
ക്ഷണിച്ചാല്‍ ഞങ്ങള്‍ പോകുമെന്ന് ഒരു കൂട്ടരുടെ നേതാവു പരസ്യമായി പറഞ്ഞു. ക്ഷണിച്ചാല്‍ വരുമെന്ന് പറഞ്ഞപ്പോള്‍ അവരെ ക്ഷണിച്ചു. ക്ഷണത്തില്‍ വ്യാമോഹം ഉണ്ടായിട്ടില്ല. ചിലര്‍ വിലക്കി എന്നൊക്കെ കേള്‍ക്കുന്നുണ്ട്. അത് അവരുടെ കാര്യം. പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.
ഒരേ സമയം ഇസ്രയേലിനും പലസ്തീനും ഒപ്പം നില്‍ക്കാന്‍ സാധിക്കുമോ എന്ന് കോണ്‍ഗ്രസിനെയും ശശി തരൂരിനെയും സൂചിപ്പിച്ച് മുഖ്യമന്ത്രി ചോദിച്ചു. നെഹ്റുവിന്‍റെ അനുയായികള്‍ക്ക് എന്തേ വ്യക്തത ഇല്ലാത്തത് ഇടതുപക്ഷമല്ലാതെ രാജ്യതലസ്ഥാനത്ത് വേറെ ആര് പ്രതിഷേധം നടത്തി. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ അനങ്ങിയില്ല. പ്രകടനം നടത്താന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണ്. നിസ്സഹായരായ പലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്രയേല്‍ ഭീകരാക്രമണം നടത്തുന്നു. ഇതിനെ സാമ്രാജ്യത്വ ശക്തികള്‍ അകമഴിഞ്ഞു പിന്തുണയ്ക്കുന്നു. എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിത്. എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള അക്രമമാണ് ഇസ്രയേലിന്‍റേത്. ഇസ്രയേലിനെ അതിന് പ്രാപ്തമാക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ പിന്തുണയാണ്. മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *