ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ
68 പേര്‍ ചികിത്സ തേടി
ഹോട്ടല്‍ അടച്ചുപൂട്ടി
കൊച്ചി: പറവൂരിലെ ഹോട്ടലില്‍ നിന്നും കുഴിമന്തിയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. പറവൂരിലെ മജ്ലിസ് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 68 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. 28 പേര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലും 20 പേര്‍ സ്വകാര്യ ആശുപത്രിയിലും ഗുരുതരാവസ്ഥയിലുള്ള യുവതിയടക്കം മൂന്നുപേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലുമാണ്.തൃശൂര്‍, കോഴിക്കോട് ആശുപത്രികളിലാണ് മറ്റുള്ളവര്‍. ദേശീയപാതയിലാണ് ഹോട്ടല്‍ എന്നതിനാല്‍ വിവിധ ജില്ലകളില്‍നിന്നുള്ള യാത്രക്കാരും ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്.9 പേര്‍ കുന്നുകര എം ഇ എസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്.
ഇന്നലെ വൈകീട്ട് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുഴിമന്തിയും അല്‍ഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ചര്‍ദ്ദിയെയും വയറിളക്കത്തെയും തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവര്‍ക്ക് വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ല.മാംസം കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് കരുതുന്നത്.സംഭവത്തെ തുടര്‍ന്ന് മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എത്തി ഹോട്ടല്‍ അടപ്പിച്ചു.
അതേസമയം സംസ്ഥാന വ്യാപകമായി ഒരാഴ്ചയ്ക്കിടെ 2551 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 102 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 564 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധന ശക്തമായി തുടരുന്നതാണെന്നും മന്ത്രി അറിയിച്ചിരുന്നു.സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണെസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ടിരുന്നു. എഫ്.എസ്.എസ്.എ. ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണെസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു