ചെന്നൈ: പരീക്ഷ കഴിഞ്ഞതിന് പിന്നാലെ സ്കൂളിലെ ക്ലാസ്മുറികള്‍ അടിച്ചുതകര്‍ത്ത് വിദ്യാര്‍ത്ഥികള്‍. ധര്‍മപുരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.
വിദ്യാര്‍ത്ഥികള്‍ ക്ലാസ് റൂമിലെ ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ത്തു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ഇങ്ങനെ ഒരു അതിക്രമം കാട്ടിയത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരീക്ഷ കഴിഞ്ഞ് നേരെ ക്ലാസ് മുറികളില്‍ കയറി പേപ്പറുകള്‍ കീറിയെറിഞ്ഞെന്നും പിന്നാലെ മേശകളും ബെഞ്ചുകളും ഫാനും ഉള്‍പ്പെടെ അടിച്ചു തകര്‍ത്തുവെന്നും അദ്ധ്യാപകര്‍ പറഞ്ഞു. എന്നാല്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും വിദ്യാര്‍ത്ഥികള്‍ അത് ചെവികൊണ്ടില്ലെന്നും അദ്ധ്യാപകര്‍ വ്യക്തമാക്കി.
അതിക്രമം കാട്ടിയ വിദ്യാര്‍ത്ഥികളെ അഞ്ചു ദിവസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തതായി ചീഫ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ കെ ഗുണശേഖരന്‍ അറിയിച്ചു. ഈ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുപരീക്ഷ എഴുതാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. കൂടാതെ വിദ്യാര്‍ത്ഥികളെ തടയാതിരുന്നതിന് അദ്ധ്യാപകര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തും. അടിച്ചുതകര്‍ത്തതിന് പകരം ഫര്‍ണീച്ചറുകള്‍ നല്‍കാന്‍ നാട്ടുകാര്‍ തയ്യാറായിട്ടുണ്ട്.