പരീക്ഷക്ക് മുന്നോടിയായി ക്ലാസ് മുറികളും സ്കൂളുകളും
ശുചീകരിക്കാം; സംഘടനകളോട് മന്ത്രിയുടെ അഭ്യര്‍ത്ഥന

Kerala

തിരുവനന്തപുരം : പ്ലസ് വണ്‍ പരീക്ഷക്ക് മുന്നോടിയായി സെപ്റ്റംബര്‍ 2,3,4 തീയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയര്‍മാനും സ്കൂള്‍ പ്രിന്‍സിപ്പല്‍ കണ്‍വീനറുമായ സമിതി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. എംഎല്‍എമാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. ഓഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 4 വരെ മാതൃകാ പരീക്ഷകള്‍ നടത്തും. കുട്ടികള്‍ക്ക് ചോദ്യപേപ്പര്‍ അതാത് ദിവസം രാവിലെ ഹയര്‍സെക്കന്‍ഡറി പോര്‍ട്ടല്‍ വഴി നല്‍കും. കുട്ടികള്‍ക്ക് വീട്ടില്‍ ഇരുന്ന് പരീക്ഷയെഴുതാം. പരീക്ഷക്കു ശേഷം അധ്യാപകരോട് ഓണ്‍ലൈനില്‍ സംശയ ദൂരീകരണവും നടത്താം. പരീക്ഷയുമായി ബന്ധപ്പെട്ട് ആര്‍ഡിഡിമാര്‍, എഡിമാര്‍, ജില്ലാ കോ ഓഡിനേറ്റര്‍മാര്‍, അസിസ്റ്റന്‍റ് കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗം മന്ത്രി നാളെ രാവിലെ 10.30 ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ജോയിന്‍റ് ഡയറക്ടറുടെ നേതൃത്വത്തില്‍ എല്ലാ സ്കൂളുകളിലേയും ചീഫ് സൂപ്രണ്ടുമാരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നിരുന്നു.
മൊത്തം 2027 കേന്ദ്രങ്ങളില്‍ ആണ് പരീക്ഷ നടക്കുന്നത്. ഗള്‍ഫില്‍ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രത്തിലും മാഹിയില്‍ ആറ് കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്. കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക ക്ലാസ് മുറികള്‍ ഒരുക്കും.
ഈ കുട്ടികളുടെ ഉത്തരക്കടലാസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രത്യേകം കവറുകളിലാക്കി സൂക്ഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *