തിരുവനന്തപുരം: പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി ഇന്നു മുതല്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലങ്ങള്‍ ഇന്നു മുതല്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമുണ്ട്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ട് പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിലാണ് തീരുമാനം.
ഡ്രൈവിംഗ് ടെസ്റ്റ് കുറ്റമറ്റ നിലയില്‍ നടത്തുന്നതിനായാണ് സര്‍ക്കാര്‍ പരിഷ്കാരം നടപ്പാക്കുന്നത്. അത് തടസ്സപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം. ഹൈക്കോടതി ഉത്തരവിനെ മാനിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.
കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് മുന്നോട്ടു വച്ചതെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. ഇപ്പോഴത്തെ പരിഷ്കാര നടപടികളുമായി മുന്നോട്ടുപോകുവാന്‍ ഹൈക്കോടതി അനുമതി നല്‍കിയതാണ്. സ്വന്തം ജീവന്‍റെ സുരക്ഷ പോലെ പ്രധാനമാണ് ഇതര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും കാല്‍നടയാത്രക്കാരും അടക്കമുള്ളവരുടെ ജീവനും. മാനദണ്ഡങ്ങളുമില്ലാതെയും യഥേഷ്ടം ലൈസന്‍സുകള്‍ വിതരണം ചെയ്ത് നിരത്തുകളെ ചോരക്കളമാക്കുന്ന പ്രവണത തുടരുന്നത് അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.