ന്യൂഡല്‍ഹി: മുംബൈ, ഡല്‍ഹി ഓഫിസുകളില്‍ നടന്ന ആദായ നികുതി പരിശോധനക്കിടെ ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ബി.ബി.സി.മണിക്കൂറുകളോളം ആണ് മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെട്ടത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്നും ബി.ബി.സി ആരോപിച്ചു. ബി.ബി.സിയുടെ ഹിന്ദി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയായിരുന്നു വിമര്‍ശനം.
റെയ്ഡിനിടെ മാധ്യമപ്രവര്‍ത്തകരുടെ കംപ്യൂട്ടറുകള്‍ പരിശോധനക്ക് വിധേയമാക്കുകയും അവരുടെ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. റെയ്ഡിനെ കുറിച്ച് എഴുതുന്നതിനും വിലക്കുണ്ടായിരുന്നു.ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് മുതിര്‍ന്ന എഡിറ്റര്‍മാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇംഗ്ലീഷ്, ഹിന്ദി വിഭാഗത്തിലുള്ളവരെ ഉദ്യോഗസ്ഥര്‍ അതിന് അനുവദിച്ചില്ലെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രക്ഷേപണസമയം അവസാനിച്ചതിനുശേഷം മാത്രമാണ് ഇവരെ ജോലി ചെയ്യാന്‍ അനുവദിച്ചതെന്നും ബിബിസി കൂട്ടിച്ചേര്‍ത്തു.
58 മണിക്കൂര്‍ നീണ്ട ആദായനികുതി വകുപ്പിന്‍റെ പരിശോധന വ്യാഴാഴ്ച രാത്രിയാണ് അവസാനിച്ചത്. പരിശോധനയില്‍ നികുതിയുമായി ബന്ധപ്പെട്ട് കുറെ പ്രശ്നങ്ങള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കനത്ത പൊലീസ് സുരക്ഷയോടെ ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ റെയ്ഡിന് എത്തിയത്. ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന ഡോക്യുമെന്‍ററി പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ബി.ബി.സി ഓഫിസുകളില്‍ റെയ്ഡ് നടന്നത്.