മലപ്പുറം:പൊതുജനങ്ങളുടെ പരാതികളും നിവേദനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റിയ ജില്ലയിലെ മാതൃക മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. ജില്ലാ കലക്ടര്‍ വി. ആര്‍. പ്രേംകുമാറാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പദ്ധതിയ്ക്ക് തുടക്കമിട്ടത്. ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ ജില്ലയില്‍ നാലായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്.
കലക്ടറേറ്റിലെ പിജിആര്‍ (പബ്ലിക് ഗ്രീവിയന്‍സ്) സെല്‍വഴി ഓഫ് ലൈനായി നല്‍കിയിരുന്ന സേവനമാണ് കൂടുതല്‍ സുതാര്യമാക്കി ഓണ്‍ലൈനാക്കി മാറ്റിയത്. ഇതിലൂടെ ഗുണഭോക്താവിന് പരാതിയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വീട്ടിലിരുന്നുതന്നെ അറിയാനാവും.നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററും കേരള സ്റ്റേറ്റ് ഐടി മിഷനുമാണ് ജില്ലാ ഭരണകൂടത്തിനായി ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയത്. ഐടി മിഷന്‍ മലപ്പുറം ജില്ലാ ഓഫീസാണ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം ഉള്‍പ്പെടെ സാങ്കേതിക സഹായം നല്‍കുന്നത്.കലക്ടറേറ്റില്‍ പരാതി നല്‍കാനെത്തുന്നവര്‍ക്ക് പബ്ലിക് ഗ്രീവിയന്‍സ് സെല്ലില്‍നിന്ന് ലഭിക്കുന്ന ടോക്കണിന്‍റെ അടിസ്ഥാനത്തില്‍ കലക്ടറെ കണ്ട് പരാതി നല്‍കാം. ബന്ധപ്പെട്ട പരാതി ഏത് വകുപ്പിലേക്കാണോ കൈമാറേണ്ടത് എന്നതുള്‍പ്പടെയുള്ള കലക്ടറുടെ നിര്‍ദേശവും രേഖപ്പെടുത്തി പബ്ലിക് ഗ്രീവിയന്‍സ് സെല്ലിന് കൈമാറും. ഇവിടെനിന്ന് പരാതി സ്കാന്‍ചെയ്ത് പോര്‍ട്ടിലേക്ക് ചേര്‍ക്കുകയും തുടര്‍ അന്വേഷണങ്ങള്‍ക്കായി ഒരു ആപ്ലിക്കേഷന്‍ നമ്പര്‍ ഗുണഭോക്താവിന് നല്‍കുകയും ചെയ്യും. ഈ ആപ്ലിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് പരാതിയില്‍ സ്വീകരിച്ച നടപടികള്‍ ഗുണഭോക്താവിന് മനസ്സിലാക്കാനുമാവും. പരാതിയില്‍ നടപടികള്‍ സ്വീകരിച്ചാല്‍ ആ വിവരം എസ്എംഎസ് സന്ദേശമായി മൊബൈല്‍ നമ്പറിലൂടെ അറിയിക്കും. പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന ബന്ധപ്പെട്ട വകുപ്പിന്‍റെ രേഖാമൂലമുള്ള മറുപടിയും ആപ്ലിക്കേഷന്‍ നമ്പറിന്‍റെ സഹായത്തോടെ വുേേെ://ലറശൃശെേരേ.സലൃ മഹമ.ഴീ്.ശി/ എന്ന പോര്‍ട്ടലില്‍ ഗുണഭോക്താവിന് ലഭ്യമാക്കും.