പയ്യാമ്പലം ഗേള്‍സ് ഹയര്‍ സെക്കണ്ടറി
സ്കൂള്‍ ഇനി സംരക്ഷിത സ്മാരകം

Latest News

കണ്ണൂര്‍: വടക്കേ മലബാറിന്‍റെ വിദ്യാഭ്യാസ ചരിത്രത്തില്‍ പ്രമുഖ സ്ഥാനമുള്ള പയ്യാമ്പലം ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇനി സംരക്ഷിത സ്മാരകം. വിദ്യാലയത്തിന്‍റെ ചരിത്ര പ്രാധാന്യവും പരമ്പരാഗത വാസ്തു ശില്‍പ രീതിയിലുള്ള നിര്‍മ്മിതിയും കണക്കിലെടുത്ത് സംരക്ഷിത സ്മാരകമാക്കി മാറ്റുവാനുള്ള പ്രവൃത്തികള്‍ പുരാവസ്തു വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ സ്കൂള്‍ കെട്ടിടത്തിന്‍റെ സമര്‍പ്പണം ഇന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമെന്ന ലക്ഷ്യത്തോടെ 1844ല്‍ കൊറ്റിയത്ത് തറവാടിന്‍റെ ചായ്പില്‍ ആരംഭിച്ച ബാലികാ പാഠശാലയാണ് പിന്നീട് പയ്യാമ്പലം ഗവ. ഗേള്‍സ് വൊക്കേഷണല്‍ സ്കൂളായി മാറിയത്. പിന്നീട് 1884ല്‍ ബ്രിട്ടീഷുകാര്‍ ബാലികാ പാഠശാലയേറ്റെടുത്ത് ലോവര്‍ പ്രൈമറി സ്കൂള്‍ ആക്കി. പിന്നീടിത് ലോവര്‍ സെക്കണ്ടറി സ്കൂളായി. 1916 മുതലാണ് ഇന്ന് കാണുന്ന ഇരുനില കെട്ടിടത്തില്‍ സ്കൂള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. വാസ്തു ശില്‍പപരമായി ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് സ്കൂള്‍ കെട്ടിടം. തദ്ദേശീയവും കൊളോണിയലുമായ വാസ്തു ശൈലികള്‍ സമന്വയിപ്പിച്ചുള്ള ബ്രിട്ടീഷ് നിര്‍മ്മിതി ആരെയും ആകര്‍ഷിക്കും. ഉയരമുള്ള മേല്‍ക്കൂര, വ്യാസമേറിയതും ഉരുണ്ടതുമായ തൂണുകള്‍ ആര്‍ച്ചുകള്‍, വലിയ ജാലകങ്ങള്‍, വാതിലുകള്‍, നീളമുള്ള ഇടനാഴികള്‍, തറയോട് പാകിയ നിലം എന്നിവയും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഇവയുടെ ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയായി.
ജീര്‍ണാവസ്ഥയിലായിരുന്ന സ്കൂള്‍ കെട്ടിടത്തിന്‍റെ തനിമയും സൗന്ദര്യവും നഷ്ടപ്പെടാതെയാണ് പുരാവസ്തു വകുപ്പ് സംരക്ഷണ പ്രവൃത്തികള്‍ നടത്തിയത്. 47 ലക്ഷം രൂപയാണ് ഇതിന് വേണ്ടി ചെലവായത്. ഏറെ പ്രത്യേകയയുള്ളതാണ് വിദ്യാലയത്തിന്‍റെ മുഖമണ്ഡപം. ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന്‍റെ പരമ്പരാഗത നിര്‍മ്മാണ ശൈലിയില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന നിര്‍മ്മിതിയാണ് ഇതിനുള്ളത്. പൈതൃക ശേഷിപ്പ് എന്ന നിലയിലാണ് ഈ കെട്ടിടം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിച്ചത്. നാശത്തിന്‍റെ വക്കിലെത്തിയിരുന്ന സ്കൂള്‍ കെട്ടിടത്തിന്‍റെ ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ അതിന്‍റെ തനിമ നിലനിര്‍ത്തികൊണ്ട് പുരാവസ്തു വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് പയ്യാമ്പലം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പഠിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *