പത്തനംതിട്ട: പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു. അച്ഛനും മകളും സഹോദര പുത്രനുമാണ് ദുരന്തത്തില്‍പ്പെട്ടത്. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ റാന്നി ചന്തക്കടവിലാണ് സംഭവം. പുതുശേരിമല സ്വദേശി അനില്‍ കുമാര്‍(50)മകള്‍ നിരഞ്ജന (17) അനിലിന്‍റെ സഹോദരന്‍റെ മകന്‍ ഗൗതം (15)എന്നിവരാണ് മരിച്ചത്. അനില്‍കുമാറിന്‍റെ സഹോദരി ആശയെ രക്ഷപ്പെടുത്തി.ഏറെനേരത്തെ തിരച്ചിലിനൊടുവില്‍ ഗൗതമിന്‍റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് അനിലിന്‍റെയും നിരഞ്ജനയുടെയും മൃതദേഹം കണ്ടെത്തിയെന്നും അഗ്നിരക്ഷാസേന അറിയിച്ചു.
സഹോദരന്‍റെ വീട്ടില്‍ എത്തിയ അനില്‍കുമാറും കുടുംബവും ഗൗതത്തെയും കൂട്ടി നദിയില്‍ തുണി അലക്കാനെത്തിയപ്പോഴാണ് അപകടം . ഗൗതമിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അനില്‍കുമാറും നിരഞ്ജനയും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് മൃതദേഹങ്ങള്‍ കിട്ടിയത്. തെരച്ചിലിന് ഫയര്‍ഫോഴ്സിന്‍റെ സ്കൂബ ഡൈവിംഗ് ടീം നേതൃത്വം നല്‍കി.