പനി മരണങ്ങള്‍ തടയാന്‍ കാര്യക്ഷമമായി ഇടപെടണം; മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്

Latest News

തിരുവനന്തപുരം:പനിമരണങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ സര്‍ക്കാരിന്‍റെ കാര്യക്ഷമമായ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കി.
പകര്‍ച്ചപ്പനി വ്യാപകമാകുന്നതും പനി മരണങ്ങള്‍ കൂടുന്നതും കടുത്ത ആശങ്ക ഉയര്‍ത്തുന്നതാണ്. സംസ്ഥാനത്തെ പ്രതിദിന പനിബാധിതരുടെ എണ്ണം 13,000 ആയി ഉയര്‍ന്നിരിക്കുകയാണ്. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങള്‍ വര്‍ദ്ധിക്കുന്നതും പൊതുജനങ്ങളില്‍ ഭീതിയുളവാക്കിയിട്ടുണ്ട്.
കാലവര്‍ഷം സജീവമാകുന്നതിന് മുന്‍പ് തന്നെ പനിമരണങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. പ്രത്യേകിച്ച് മലയോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഡെങ്കിപ്പനി, എലിപ്പനി മരണങ്ങള്‍ കൂടുന്നത് പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്‍റെ മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും ബോധവത്കരണം നടത്താനും സര്‍ക്കാര്‍ അടിയന്തരനിര്‍ദേശം നല്‍കണം. സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ലഭ്യത ഉറപ്പാക്കാനും നടപടിയെടുക്കണം.
മാലിന്യസംസ്കരണം പൂര്‍ണമായി പരാജയപ്പെട്ടതാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. പൊതുഇടങ്ങളിലും വീടുകളിലും മാലിന്യം കെട്ടിക്കിടക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണം. വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *