ശ്രീനഗര്‍: ജമ്മുവിലെ ഛദ്ദ സൈനിക ക്യാമ്പിനടുത്ത് സിഐഎസ്എഫ് സൈനികര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണം.
ഇന്ന് പുലര്‍ച്ചെ 4.25നുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.15ഓളം സൈനികരാണ് ബസിലുണ്ടായിരുന്നത്. രാവിലത്തെ ഷിഫ്റ്റില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ യാത്രചെയ്യവെയാണ് ആക്രമണമുണ്ടായത്. ഭീകരര്‍ വെടിവച്ചെങ്കിലും സൈനികര്‍ ശക്തമായി തിരിച്ചടിച്ചു. തുടര്‍ന്ന് ഭീകരര്‍ സ്ഥലത്തുനിന്നും ഓടിപ്പോയതായി അധികൃതര്‍ അറിയിച്ചു.
മറ്റൊരു സംഭവത്തില്‍ ജമ്മുവിലെ സഞ്ജ്വാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
രണ്ട് ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി സാംബ ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായി ഇവിടെ സുരക്ഷ ശക്തമാക്കി. ഇതിന്‍റെ ഭാഗമായി സ്ഥലത്ത് സിആര്‍പിഎഫും പൊലീസ് സ്പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പും ചേര്‍ന്ന് നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.