ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി. വിലക്കയറ്റത്തിനെതിരായ കോണ്‍ഗ്രസിന്‍റെ മഹാറാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇത്രെയും വിലക്കയറ്റം ഒരുകാലത്തും ഉണ്ടായിട്ടില്ലെന്നും പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ഒന്നുമില്ലെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. ഭാവിയെ കുറിച്ചുള്ള ഭയം രാജ്യത്ത് കൂടുന്നു. മോദി എല്ലാം ചെയ്യുന്നത് രണ്ട് വ്യവസായികള്‍ക്ക് വേണ്ടി മാത്രമാണ്. ഇടത്തരം വ്യവസായികളെയും ചെറുകിട കച്ചവടക്കാരെയും മോദി തകര്‍ത്തുവെന്നും രാഹുല്‍ഗാന്ധി വിമര്‍ശിച്ചു.
മാധ്യമങ്ങള്‍ അവരുടെ ജോലി ചെയ്യുന്നില്ല. മാധ്യമങ്ങള്‍ പ്രതിപക്ഷ ശബ്ദം അവഗണിക്കുന്നു. മാധ്യമങ്ങളുടെ പിന്തുണയില്ലെങ്കില്‍ മോദി പ്രധാനമന്ത്രി പദത്തിലുണ്ടാകില്ല. മോദിക്കായി 24 മണിക്കൂറും പണിയെടുക്കാതെ സത്യത്തിനായി നില്‍ക്കണം.നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങാതെ പ്രതിപക്ഷത്തിന് മറ്റ് വഴികളില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.രണ്ട് വ്യവസായ ഭീമന്മാരുടേത് മാത്രമല്ല ഇന്ത്യ. ദരിദ്രരായ ജനങ്ങളുടേതുമാണ്. തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാരുടേതു കൂടിയാണ് നമ്മുടെ രാജ്യം. മോദി ഭരണത്തില്‍ വെറുപ്പും വിദ്വേഷവും വര്‍ധിച്ചു. തന്നെ ഇഡി 50 മണിക്കൂറിലേറെ ചോദ്യം ചെയ്തുവെങ്കിലും താന്‍ ഭയക്കുന്നില്ലെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.